തിരഞ്ഞെടുപ്പിനെ നേരിടാൻ വൻ നീക്കങ്ങളുമായി എൻഡിഎ; ബിഡിജെഎസിന് മുപ്പതോളം സീറ്റുകൾ, ട്വന്റി-20യ്‌ക്കോ?
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒക്കെയും പയറ്റി പരാജയപ്പെട്ട പഴകിയ രീതികൾ മാറ്റിവച്ച് കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് തിരഞ്ഞെടുപ്പ് തന്ത്രത്തിൽ എൻഡിഎ കൊണ്ട് വരുന്നത്. ഇതിന് വഴികാട്ടുന്നതാവട്ടെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വിജയവും.
കാടടച്ച് വെടിവയ്ക്കുക എന്നുള്ളതായിരുന്നു മുന്നണിയുടെയും ബിജെപിയുടെയും ഇതുവരെയുള്ള രീതി. അതായത് കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സാന്നിധ്യമാവുക എന്നതായിരുന്നു അവർ പയറ്റിയ തന്ത്രം. അതിന് മുന്നണിയിലെ മറ്റ് കക്ഷികൾക്ക് കൂടി സീറ്റുകൾ പങ്കിട്ട് കൊണ്ടുള്ള പഴയ സമീപനം മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. നിലവിലെ റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ എൻഡിഎ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

അതിൽ വലിയ പുരോഗതി തന്നെയുണ്ടായി എന്നും പറയപ്പെടുന്നു. ഇത്തരം സീറ്റു ചർച്ചകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് സാബു ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി-20 എൻഡിഎയിലേക്ക് ചേക്കേറിയതെന്നും വിവരങ്ങളുണ്ട്. എന്തായാലും ഇക്കുറി ഘടകകക്ഷികളെ കാണേണ്ട രീതിയിൽ തന്നെ കാണാനാണ് ബിജെപിയുടെ തീരുമാനം. അത് സ്ഥാനാർത്ഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും കൃത്യമായി പ്രകടമാകും.
അതായത് മുന്നണിയിലെ പ്രധാന കക്ഷികളിൽ ഒന്നായ ബിഡിജെഎസിന് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടുമെന്നാണ് വിവരം. അതും അവർക്ക് വിജയ സാധ്യതയുള്ള മേഖലകളിൽ തന്നെ ഈ സീറ്റുകൾ കൊടുക്കുക എന്നതാണ് എൻഡിഎ തീരുമാനം. മുപ്പതോളം സീറ്റുകൾ ഈ നിലയ്ക്ക് ബിഡിജെഎസിന് നൽകുമെന്നാണ് വിവരം. അവരുടെ സ്വാധീന മേഖലകളിൽ കൃത്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചാൽ അത് മുന്നണിക്ക് മൂത്തകൂട്ടാവും എന്നാണ് വിലയിരുത്തൽ.
കേരളത്തിലെ പ്രബല സമുദായമായ ഈഴവരുടെ പിന്തുണ ഉറപ്പാക്കാനും എസ്എൻഡിപി യോഗത്തെ കൂടെ നിർത്താനും ബിഡിജെഎസിന് കാര്യമായ പരിഗണന നൽകണമെന്നാണ് ബിജെപിക്കുള്ളിൽ നിന്ന് ഉയരുന്ന അഭിപ്രായം. അതുകൊണ്ട് തന്നെയാണ് അവർക്ക് മുപ്പത് സീറ്റ്, എന്ന് വച്ചാൽ ബിജെപി മത്സരിക്കുന്നതിന്റെ ഏതാണ്ട് മൂന്നിലൊന്ന് സീറ്റ് അനുവദിക്കുന്നത്.
നൂറ് സീറ്റിൽ പൊതുപ്രസക്തർ ഉൾപ്പെടെ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും. അതായത് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തിളങ്ങി നിൽക്കുന്ന, പൊതു സ്വീകാര്യരായ വ്യക്തിത്വങ്ങളെയും ഇക്കുറി മത്സര രംഗത്ത് പരിഗണിക്കുമെന്ന് അർത്ഥം. കൂടാതെ പാർട്ടിയുടെ മുതിർന്ന നേതാക്കളും ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മാറ്റുരയ്ക്കും.
അതേസമയം, അടുത്തിടെ മുന്നണിയിലേക്ക് ചേക്കേറിയ സാബു ജേക്കബിന്റെ ട്വന്റി-20യെയും എൻഡിഎ വേണ്ടവിധം പരിഗണിച്ചേക്കും. പത്ത് സീറ്റ് ട്വന്റി 20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് നൽകുമെന്നാണ് വിവരം. ഇത് ഏതൊക്കെ എന്നതിൽ വരും ദിവസങ്ങളിൽ ധാരണയാവും. ട്വന്റി-20യ്ക്ക് മധ്യ കേരളത്തിൽ, പ്രത്യേകിച്ച് എറണാകുളത്ത് തന്നെയാവും സീറ്റുകൾ നൽകുക. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടായേക്കും.












Click it and Unblock the Notifications