നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചതിന് പിന്നിൽ കെ മുരളീധരൻ..കണക്കുകൾ പറയുന്നത് ഇതാണ്
തിരുവനന്തപുരം; 2016 ൽ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് കൊണ്ടായുരുന്നു നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത്. പാർട്ടിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാൽ എട്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിന്റെ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്. ഇത്തവണയും മണ്ഡലം നിലനിർത്താനാകുമെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. എന്നാൽ ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ബിജെപിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തു.
കനത്ത മത്സരം നടന്ന മണ്ഡലത്തിൽ ബിജെപിയെ തറപറ്റിച്ചതിന്റെ ആവേശത്തിലാണ് ഇടത് ക്യാമ്പ്. സിപിഎം ജയിച്ചെങ്കിലും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് കോൺഗ്രസും അവകാശപ്പെടുന്നു. കണക്കുകൾ പറയുന്നത് ഇതാണ്

പിടിക്കുമെന്ന് ഉറച്ച്
ബിജെപിയുടെ കേരളത്തിലെ ഗുജറാത്താണ് നേമം എന്നായിരുന്നു സംസ്ഥാന നേതൃത്വം ആവർത്തിച്ച് പറഞ്ഞിരുന്നത്. ഒ രാജഗോപാലിലൂടെ പിടിച്ചെടുത്ത മണ്ഡലം കുമ്മനം രാജശേഖരനിലൂടെ നിലനിർത്തുമെന്ന കാര്യത്തിൽ ബിജെപിക്ക് തെല്ലും സംശയമേ ഉണ്ടായിരുന്നില്ല. അതേസമയം ബിജെപിയുമായി ശക്തമായ മത്സരത്തിന് കളമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇവിടെ വി ശിവൻകുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ത്രികോണ പോരാട്ടം
എന്നാൽ ഒരിക്കൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ലക്ഷ്യം വെച്ച് കൊണ്ട് കെ മുരളീധരനെ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് നേമത്ത് മത്സരം കടുത്ത്. മുരളീധരന്റെ സാന്നിധ്യം മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുക്കി.പക്ഷേപൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎമ്മിന്റെ ശിവൻകുട്ടി മണ്ഡലം തിരിച്ച് പിടിച്ചു, ആകെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു മണ്ഡലവും കേരളത്തിൽ ബിജെപിക്ക് നഷ്ടപ്പെട്ടു.

കോൺഗ്രസിനെന്ന്
നേമത്ത് ഇക്കുറി ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും എന്ന് തിരഞ്ഞെടപുപ്പിന് തൊട്ട് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയായി എന്നായിരുന്നു ബിജെപിയുടെ പരാജയത്തിന് പിന്നലെ സിപിഎം കേന്ദ്രങ്ങൾ പ്രതികരിച്ചത്.എന്നാൽ നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്നായിരുന്നു കഴിഞ്ഞ ദിവസം കെ മുരളീധരൻ പ്രതികരിച്ചത്.

വോട്ട് കണക്കുകൾ
യഥാർത്ഥത്തിൽ നേമത്ത് ബിജെപിയെ കെട്ട് കെട്ടിച്ചത് ആരെന്ന തരത്തിൽ ചർച്ച കൊഴുക്കുകയാണ്. അതേസമയം ബിജെപിയെ പരാജയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് എൽഡിഎഫിനാണെങ്കിലും അതിന് ഏറെ സഹായിച്ചത് യുഡിഎഫിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വമാണെന്നാണ് വോട്ട് കണക്കുകൾ വ്യക്തമാക്കുന്നത്.

2016 ൽ ലഭിച്ചത്
കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച നായർ വോട്ടുകൾ ഇത്തവണ കൂടുതലായി മുരളീധരന് നേടാൻ സാധിച്ചിരുന്നുവെന്നാണ് ബൂത്ത് തല കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല നിഷ്പക്ഷ വോട്ടുകളും യുഡിഎഫിലേക്ക് ഒഴുകിയത് എൽഡിഎഫിന് ഗുണമായി.2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിക്ക് ലഭിച്ചത് 67,813 വോട്ടുകളായിരുന്നു. ശിവൻകുട്ടിക്ക് 59,142 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിള്ളയ്കക്് 13,860 വോട്ടുകളുമാണ് ലഭിച്ചത്.

കോൺഗ്രസിന് ലഭിച്ചത്
എന്നാൽ ഇക്കുറി ശിവൻകുട്ടിക്ക് 55,837 വോട്ടുകളും കുമ്മനത്തിന് 51,888 വോട്ടുകളും കെ മുരളീധരന് 36,524 വോട്ടുകളും നേടനായി. അതായത് ബിജെപിക്ക് 15,925 വോട്ടുകളുടെ നഷ്ടമാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഉണ്ടായത്. എൽഡിഎഫിന് 3305 വോട്ടുകളും. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 22,664 വോട്ടുകൾ കൂടുതലായി നേടാൻ മുരളീധരന് സാധിച്ചു.

ന്യൂനപക്ഷ വോട്ടുകൾ
കഴിഞ്ഞ തവണ എൽഡിഎഫിനും ബിജെപിക്കും വിഭജിച്ച് പോയ വോട്ടുകൾ പലയിടങ്ങളിലും മൂന്നായി വിഭജിക്കപ്പെട്ടുവെന്നതാണ് ഇത് വ്യക്തമാക്കുന്നത് .അതേസമയം ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചതാണ് മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയത്തിന് വഴിവെച്ചതിൽ പ്രധാന ഘടകം. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കുമ്മനമായിരുന്നു മുന്നിട്ട് നിന്ന്. മുസ്ലീം വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളിലെ വോട്ടെണ്ണിയപ്പോഴാണ് ശിവൻകുട്ടിയുടെ ലീഡ് ഉയരാൻ തുടങ്ങിയത്.

തുടക്കം മുതൽ തന്നെ
പുത്തൻപള്ളി, അമ്പലത്തറ, മുട്ടത്തറ ഭാഗങ്ങളിലെ വോട്ട് എണ്ണി തുടങ്ങിയപ്പോഴായിരുന്നു ശിവൻകുട്ടിയുടെ മുന്നേറ്റം.തുടർന്നുള്ള റൗണ്ടുകളിൽ ശിവൻകുട്ടിയുടെ ലീഡ് കുത്തനെ ഉയർന്നു, നേമത്ത് വിജയം കൈപ്പിടിയിലാക്കുകയും ചെയ്തു. നേരത്തേ തന്നെ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ എൽഡിഎഫ് ഇവിടെ ഉറപ്പിച്ചിരുന്നു. കെ മുരളീധരനെത്തിയാൽ വോട്ട് മറിയാൻ സാധ്യത ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

എസ്ഡിപിഐ വോട്ട്
എസ്ഡിപിഐയും ഇവിടെ എൽഡിഎഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്. നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.പതിനായിരത്തിലധികം വോട്ട് എസ്ഡിപിഐയ്ക്ക് മണ്ഡലത്തിൽ ഉണ്ട്.

സ്വാധീനിച്ചു
മാത്രമല്ല കെ മുരളീധരന് വിജയിക്കാൻ വേണ്ട ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന പ്രചരണവും എൽഡിഎഫ് ഇവിടെ നടത്തിയിരുന്നു. തങ്ങൾതക്ക് 60,000 വരെ വോട്ട് ലഭിച്ചേക്കുമെന്നുള്ള അവകാശവാദങ്ങളും എൽഡിഎഫ് ഇവിടെ ഉന്നയിച്ചിരുന്നു. ഇതും സ്വാധീന ഘടകമായി വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications