രാജീവ് ചന്ദ്രശേഖര്‍ കേരള ബിജെപി അധ്യക്ഷന്‍...? എംടി രമേശിനും സാധ്യത, സുരേന്ദ്രന് പകരക്കാരനെ തേടി ബിജെപി
ന്യൂഡല്‍ഹി: ബിജെപി കേരള ഘടകത്തിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ദേശീയ നേതൃത്വം. ഈ മാസം തന്നെ സംസ്ഥാന ഘടകത്തിന് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. നിലവില്‍ കെ സുരേന്ദ്രനാണ് ബിജെപി അധ്യക്ഷന്‍. 2020 ലാണ് സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. സുരേന്ദ്രന്റെ കാലയളവില്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരുന്നു.
അതിനാല്‍ തന്നെ പുതിയ അധ്യക്ഷനെ നിയോഗിക്കുന്നതില്‍ ദേശീയ നേതൃത്വത്തിനും അനിശ്ചിതത്വമുണ്ട്. സുരേന്ദ്രന് ഒരു അവസരം കൂടി നല്‍കില്ല എന്നുറപ്പാണ്. മുന്‍ കേന്ദമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ദേശീയ നേതൃത്വം നോക്കി വെച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാജീവിന് ഇതില്‍ താല്‍പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ബിസിനസുകാരന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറിന് അധ്യക്ഷനായാല്‍ കേരളത്തില്‍ സ്ഥിരമായി തുടരേണ്ടി വരും എന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കൂടാതെ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പിസവും ചന്ദ്രശേഖറിനെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമുദായിക നേതാക്കളുമായുള്ള അടുപ്പം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനം എന്നിവയാണ് ദേശീയ നേതൃത്വത്തെ ആകര്‍ഷിക്കുന്നത്.
എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ല രാജീവ് ചന്ദ്രശേഖര്‍ എന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തെ സജീവ നേതാവിലേക്കാണ് പരിഗണന പോകുക. അങ്ങനെ വരുമ്പോള്‍ എംടി രമേശിനാണ് മുന്‍ഗണന എന്നാണ് വിവരം. നിലവില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് എംടി രമേശ്. ജനുവരി 20ന് ഉള്ളില്‍ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ അറിയാന്‍ സാധിച്ചേക്കും.
കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നിരന്തരം ദേശീയ നേതൃത്വത്തോട് പരാതിപ്പെടുന്നുണ്ട്. ഇകക്കാലയളവില്‍ സന്ദീപ് വാര്യര്‍ അടക്കമുള്ള നിരവധി നേതാക്കള്‍ ബിജെപി വിടുകയും ചെയ്തിരുന്നു. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തെത്തി പിറ്റേവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം സീറ്റ് നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാമാണ് സുരേന്ദ്ര വിരുദ്ധ പക്ഷം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ബിജെപി ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് എംപിയുണ്ടായതാണ് സുരേന്ദ്രപക്ഷം നേട്ടമായി അവകാശപ്പെടുന്നത്. അതസമയം കേരളത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. ഈ വര്‍ഷം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.












Click it and Unblock the Notifications