നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രംസഗത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ് ഉറപ്പാക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. വാഹനങ്ങളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതിയിലാണ് ഇളവ് അനുവദിക്കുക.

മലിനീകരണം കുറയ്ക്കാന്‍
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളെ കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവും വിലയില്‍ സബ്‌സിഡിയും അനുവദിച്ചിരുന്നു.

10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍
രാജ്യത്ത് 2025 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയാണെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇത്തരം വാഹനങ്ങള്‍ക്ക് സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. വില അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപവരെ സബ്‌സിഡി് ദില്ലി സര്‍ക്കാരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചാര്‍ജിംഗ് സ്റ്റേഷന്‍
വൈദ്യുത വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ നികുതിയിളവ് നല്‍കണമെന്ന നിര്‍ദ്ദേശം നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് കൂടാതെ അടിസ്ഥാന സൗകര്യമായ ചാര്‍ജിംഗ് സ്റ്റേഷനുകളും സംസ്ഥാന വ്യാപകമായി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.

കെഎസ്ഇബി
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഉള്‍പ്പടെയുള്ള വകുപ്പുകളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരുന്നു. ഈ വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിനായി കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ആകെ സ്ഥാപിക്കുമെന്ന് വകുപ്പുകള്‍ ഉറപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications