കേരള ബജറ്റ്: ഭൂമിയുടെ ന്യായവില കൂട്ടി; നടുവൊടിക്കും കണക്കുകളുമായി ധനമന്ത്രി
ഒട്ടേറെ നികുതികളില്‍ മാറ്റം വരുത്താന്‍ ബജറ്റില്‍ നിര്‍ദേശം

തിരുവനന്തപുരം: സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കി ഇത്തവണത്തെ ബജറ്റ് നിര്‍ദേശങ്ങള്‍. നികുതികള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിട നികുതി ഉയര്‍ത്താനും പെട്രോള്‍-ഡീസല്‍ സെസ് കൂട്ടാനും തീരുമാനിച്ചു. വൈദ്യുതി ബില്ലും ഇനി കൂടും. മോട്ടോര്‍ വാഹന നികുതിയും ഉയര്‍ത്തി. അതിന് പുറമെയാണ് ഭൂമി നികുതികള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍ വന്ന ശേഷം 5 തവണ പുതുക്കുകയുണ്ടായി. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവിലുള്ള ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് വ്യക്തമാക്കി. ചില പ്രദേശങ്ങളിലെ ഭൂമിക്ക് വിപണി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവിടെ ന്യായ വില 30 ശതമാനം വരെ വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.
കുടിശ്ശികയുള്ള അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കോപൗണ്ടിങ് പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിര്‍ത്തലാക്കും. കുടിശ്ശികയുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ ബദല്‍ മാര്‍ഗം കൊണ്ടുവരികയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലിയലെ മാന്ദ്യം കണക്കിലെടുത്ത് കെട്ടിട നമ്പര്‍ ലഭിച്ച ശേഷം കൈമാറ്റം ചെയ്യുന്ന അപ്പാര്‍ട്ടുമെന്റുകളുടെ മുദ്രവില 2010ല്‍ 5 ശതമാനമാക്കി കുറച്ചിരുന്നു. ഇത് ഉയര്‍ത്തി. ഇനി ഏഴ് ശതമാനമാനമായിരിക്കും മുദ്രവില.
ഒരു ആധാരം രജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടപ്പെടുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും. ഗഹാനുകള്‍ ഫയല്‍ ചെയ്യുന്നതിന് 100 രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്. ഭൂമിയുമായി ബന്ധപ്പെട്ട പല ഫീസ് നിരക്കുകളും പരിഷ്‌കരിച്ചത് 2015ലാണ്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത് പരിഷ്‌കരിക്കും. മുക്താറുകളുടെ വില പരമാവധി 1 ലക്ഷം രൂപയാക്കി നിജപ്പെടുത്താമെന്നും ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications