കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുമ്പോൾ തലകുനിക്കാതെ ഇടതുപക്ഷ ബദലിന്റെ പ്രതിരോധമുയർത്തിയ ബജറ്റ്'; എംബി രാജേഷ്

കടുത്ത ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ബജറ്റിന്റെ മുഖമുദ്രയെന്നും എംബി രാജേഷ്

Google Oneindia Malayalam News
mbrajsh-1675424696.jpg -Properties

തിരുവനന്തപുരം: ദുഷ്കരകാലത്തെ സാധ്യമായ ഇടതുപക്ഷ ബദൽ നയങ്ങളുടെ മികച്ച മാതൃകയാണ് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച ധനപ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളികളെ യാഥാർഥ്യബോധത്തോടെ അഭിസംബോധന ചെയ്യുകയും ദീർഘവീക്ഷണത്തോടെ നവീന ആശയങ്ങൾ അവതരിപ്പിക്കുകയും കടുത്ത ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ബജറ്റിന്റെ മുഖമുദ്രയെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു.

അന്താരാഷ്‌ട്ര തലത്തിൽ തന്നെ മികച്ച സ്റ്റാർട്ട് അപ്പ് അന്തരീഷത്തിനുള്ള അംഗീകാരം കേരളത്തിന് നേടാനാവുകയും സംരംഭങ്ങളിലും നിർമിതോൽപന്ന വളർച്ചയിൽ കുതിച്ചുചാട്ടമുണ്ടാവുകയും ചെയ്ത അനുകൂല അന്തരീഷത്തെ ഉപയോഗിക്കാനുള്ള ഭാവനാപൂർണമായ പദ്ധതിയാണ് മേക് ഇൻ കേരള. ഇത് കൂടുതൽ തൊഴിലവസര സൃഷ്ടിക്ക് സഹായിക്കും.
ഭാവിയുടെ ഊർജമെന്നറിയപ്പെടുന്ന ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന രണ്ട് ഹബ്ബുകൾ സ്ഥാപിക്കാനുള്ള പദ്ധതി, ന്യൂ എനർജി വ്യവസായ പാർക്ക്, വൈദ്യുത വാഹന കൺസോർഷ്യം എന്നിവ പാരിസ്ഥിതികമായ ദീർഘവീക്ഷണത്തിന്റെ മികച്ച മാതൃകകളാണ്.

ഗ്രാഫീൻ ഗവേഷണത്തിനുള്ള ഇന്നൊവേഷൻ സെന്റർ, ഡിജിറ്റൽ സയൻസ് പാർക്കുകൾ, ലൈഫ് സയൻസ് പാർക്കിലെ കോർ സെന്റർ ഓഫ് എക്സലൻസ്, അന്താരാഷ്ട്ര ഗവേഷണ സ്‌കോളർഷിപ്പുകൾ, ന്യൂട്രാ എന്റർപ്രൈസസ് ഡിവിഷൻ എന്നിവ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളിൽ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. വിജ്ഞാനത്തെ ഉൽപാദനവുമായി ബന്ധിപ്പിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും ഇത്തരം നൂതന പദ്ധതികൾ വഴിതുറക്കും.

അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായ കുതിച്ചുചാട്ടത്തിന് ഗതിവേഗം നിലനിർത്താൻ സഹായിക്കുന്നതാണ് ഈ ബജറ്റ്. ദേശീയപാതാ വികസനം, തിരുവനന്തപുരത്തെ വിഴിഞ്ഞത്തിനു ചുറ്റും 75 കിലോമീറ്റർ റിങ് റോഡ്, നോ-ഫ്രിൽ എയർ സ്ട്രിപ്പ് ശൃംഖലകൾ എന്നിവ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദാഹരണങ്ങളാണ്. വികസനത്തിലെ ഈ ഊന്നലിനൊപ്പം ദരിദ്രരോടുള്ള കരുതലും ബജറ്റ് പുലർത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന് നീതി ആയോഗ് തന്നെ കേരളത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവശേഷിക്കുന്ന അതിദരിദ്ര കുടുംബങ്ങളെ (64006 ) 2026 ആകുമ്പോഴേക്ക് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്യാപ് ഫണ്ടായി 50 കോടി രൂപ അനുവദിച്ചു.

ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ അതിവേഗത്തിൽ നഗരവൽകരണം നടക്കുന്ന കേരളത്തിൽ അതിന് ശരിയായ ദിശ നൽകാനും നഗരവൽകരണത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യാനും സമഗ്രമായ നഗരനയം സർക്കാർ രൂപീകരിക്കും. ഇതിനായി അന്താരാഷ്‌ട്ര വിദഗ്ധരെ ഉൾപ്പെടുത്തി കമീഷൻ രൂപീകരിക്കാനുള്ള നിർദേശം പുതിയ കാലത്തിന്റെ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതിന്റെ ഉദാഹരണമാണ്.

രജതജൂബിലിയിലെത്തിയ കുടുംബശ്രീ ലോകം ശ്രദ്ധിച്ച സ്ത്രീ ശാക്തീകരണത്തിന്റെ വിജയമാതൃകയാണ്. ദാരിദ്ര്യ ലഘൂകരണമെന്ന ലക്‌ഷ്യം വിജയകരമായി കൈവരിച്ച കുടുംബശ്രീ, വരുമാന വർദ്ധനവെന്ന പുതിയ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ ബജറ്റിലെ 260 കോടി രൂപയുടെ സഹായം അതിന് പിന്തുണ നൽകുന്നു. സാനിറ്ററി നാപ്‌കിനു പകരം മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം സംബന്ധിച്ച പ്രചാരണവും ബോധവത്കരണവും, ക്രഷേകൾ, സ്ത്രീ സുരക്ഷ, 28 പുതിയ പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കൽ എന്നിവയെല്ലാം ബജറ്റിന് സ്ത്രീപക്ഷ മുഖം നൽകുന്നു.

പട്ടികജാതി, പട്ടികവർഗ വിഭാഗ ക്ഷേമത്തിന് ജനസംഖ്യാനുപാതികമായതിനേക്കാൾ കൂടുതൽ തുക നേരത്തേയുള്ളതുപോലെ ഇത്തവണയും വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഈ ദുർബല ജനവിഭാഗങ്ങൾക്ക് വളരെ തുച്ഛമായ തുക മാറ്റിവെച്ചതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇടതുപക്ഷ നിലപാടിന്റെ വ്യത്യസ്തത തിരിച്ചറിയാനാവുക.
കേന്ദ്ര സർക്കാർ ദ്രോഹബുദ്ധിയോടെ അടിച്ചേൽപ്പിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ധീരവും നൂതനവുമായ വിഭവ സമാഹരണ മാർഗങ്ങളാണ് ബജറ്റിൽ അവലംബിച്ചിട്ടുള്ളത്. ധാതുവിഭവങ്ങളുടെ റോയൽറ്റി പരിഷ്കരണം, ഡാമുകളിൽ അടിഞ്ഞുകൂടിയ മണൽ, ചെളി തുടങ്ങിയവയുടെ ഖനനം, കാറുകൾ തുടങ്ങിയ വാഹനങ്ങളുടെ നികുതിയിലെ മിതമായ വർധന, കോർട്ട് ഫീ പരിഷ്കരണം, ഭൂമിയുടെ ന്യായവില വർദ്ധനവ്, ഫ്‌ളാറ്റുകളുടെ മുദ്രവില പരിഷ്കരണം, പെട്രോൾ, വിദേശമദ്യം എന്നിവക്കു മേലുള്ള സെസിലൂടെ കണ്ടെത്തുന്ന സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് എന്നിവയെല്ലാം കേന്ദ്ര സർക്കാരിന്റെ കടുത്ത ദ്രോഹനടപടികൾക്കിടയിലും വിഭവങ്ങൾ കണ്ടെത്താനുള്ള ബജറ്റിലെ നൂതന പരിശ്രമങ്ങളാണ്.

ഇതിനുപുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വർഷങ്ങളായി പരിഷ്കരിക്കാത്തതും ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകൾ തുടരുന്നതുമായ ചില നികുതികൾ പരിഷ്കരിക്കാനുള്ള ബജറ്റ് നിർദേശവും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. ഈ നിർദേശം നടപ്പാക്കാൻ ആവശ്യമായ നടപടികൾ വളരെ ഗൗരവമായിത്തന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം 26.5 ശതമാനത്തിൽ നിന്ന് 27.19 ശതമാനമായി വർധിപ്പിച്ചു. ഇന്ത്യയിൽ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഏറ്റവും ഉയർന്ന പദ്ധതിവിഹിതമാണിത്. മറ്റ് സംസ്ഥാനങ്ങളിൽ ഇതിന്റെ പകുതി പോലും നൽകുന്നില്ല എന്നത് കാണേണ്ടതാണ്.
ജി എസ് ടി നഷ്ടപരിഹാരം നിർത്തലാക്കിയും കേരളത്തിന് ജനസംഖ്യാടിസ്ഥാനത്തിൽ അർഹമായ കേന്ദ്ര നികുതിവിഹിതം നേർ പകുതിയാക്കി ചുരുക്കിയും റവന്യൂ കമ്മി ഗ്രാന്റും അർഹമായിരുന്ന വായ്പാ പരിധിയും വെട്ടിക്കുറച്ചും കേന്ദ്ര ബജറ്റിൽ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാതെയും മോഡി സർക്കാർ കേരളത്തെ, വാമനൻ മഹാബലിയെയെന്നപോലെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുമ്പോൾ അതിനുമുന്നിൽ തലകുനിക്കാതെ ഇടതുപക്ഷ ബദലിന്റെ പ്രതിരോധമുയർത്തുകയാണ് കേരള ബജറ്റ്.

English summary
Kerala Budget 2023; MB Rajesh Praises Budget says its the left alternate against center's policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X