'ഡിജിറ്റൽ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും, വായ്‌പയ്ക്ക് അനുമതി'; ധനമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്. ഡിജിറ്റൽ സർവകലാശാലയക്ക് വായ്‌പയെടുക്കാന്‍ അനുമതി നൽകും. ഇതിനായി സർക്കാർ പലിശ ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.
സര്‍വകലാശാലകളിലും കോളേജുകളിലും നിശബ്‌ദ വിപ്ലവം നടക്കുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ സർവകലാശാലയിൽനിന്ന് ബിരുദം മികച്ച നിലയിൽ നേടുന്നവർക്ക് ഓക്‌സ്‌ഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് അവസരം ലഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദഗ്‌ധരുടെ ടാസ്‌ക് ഫോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാന്‍ സർക്കാർ നടപടിയെടുക്കും. നികുതി ഇളവുകൾ ഉൾപ്പെടെ നല്‍കിയിരിക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുകയെന്നും ധനമന്ത്രി അറിയിച്ചു.
പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. ഇതിനാൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇതുള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
അതേസമയം, കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞിരുന്നു. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണ്. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം, തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
കേന്ദ്രത്തെ ശക്തമായി വിമർശിച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിപക്ഷവും ഈ പോരാട്ടത്തിൽ ഒപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. പ്ലാൻ ബി ആലോചിക്കുകയാണ്. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.












Click it and Unblock the Notifications