ബജറ്റ് വെറും പ്രഹസനമെന്ന് മുരളീധരന്‍, പ്രായോഗിക നടപടികളില്ലെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍. സംസ്ഥാനത്തിന്റെ മൂലധന ചെലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതികളൊന്നുമില്ല. എന്നാല്‍ ഡല്‍ഹിയില്‍ ഒരു സമരത്തിന് അരക്കോടി ചെലവഴിക്കാന്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റില്‍ കാണാന്‍ സാധിക്കുന്നത്.
എന്നാല്‍ ഇവയെന്നും നടപ്പിലാക്കാനും സാധിച്ചിട്ടില്ല എന്നും കേരളമല്ലാതെ കടക്കെണിയിലാണെന്ന് മറ്റൊരു സംസ്ഥാനവും കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2016-ല്‍ കേരളത്തില്‍ മൂലധന നിക്ഷേപം കുറവാണെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞിരുന്നു. അവര്‍ ആ സ്ഥിതി വര്‍ധിപ്പിക്കുകയല്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണ് എന്ന് വാചകമടി മാത്രമെ ഉള്ളൂ. അതല്ലാതെ കടക്കെണിയില്‍ ആയ കേരളത്തെ രക്ഷിക്കാനുള്ളതൊന്നും ബജറ്റിലില്ല. കേരളത്തിന്റെ തനത് പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു തരത്തിലും താല്‍പര്യമില്ല എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പ്രതിസന്ധി പരിഹരിക്കാനുള്ള പ്രായോഗിക നടപടികള്‍ മുന്നോട്ട് വയ്ക്കുന്ന ബജറ്റല്ല ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ ബജറ്റിലൊരു നടപടിയുമില്ല എന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്റെ ധനകാര്യ മിസ് മാനേജ്‌മെന്റാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കടമെടുത്ത് ധൂര്‍ത്തടിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെ ബജറ്റില്‍ കിഫ്ബിയെക്കുറിച്ച് വലിയ വാചകങ്ങളായിരുന്നു എന്നും എന്നാല്‍ ഇത്തവണ അത് രണ്ട് വാചകത്തില്‍ ഒതുക്കി എന്നും അദ്ദേഹം പരിഹസിച്ചു. കിഫ്ബിയൊരു വന്‍ തട്ടിപ്പായിരുന്നു എന്ന ആക്ഷേപം ശരിവയ്ക്കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി കേന്ദ്രമാണെന്ന രാഷ്ട്രീയ വിമര്‍ശനം നടത്താനാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ മഹാഭൂരിപക്ഷം സമയവും ഉപയോഗിച്ചത്.
റബറിന് നിലവില്‍ 170 രൂപ താങ്ങുവിലയുള്ള സ്ഥാനത്ത് 10 രൂപ കൂട്ടിയത് വലിയ കാര്യമായാണ് സര്‍ക്കാര്‍ പറയുന്നത് എന്നും ഇത് റബര്‍ കര്‍ഷകരെ കബളിപ്പിക്കാന്‍ വേണ്ടിയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. റബ്ബറിന് താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ 180 രൂപയില്‍ ഒതുക്കിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications