ഷാളണിയിച്ച് സ്വീകരിച്ചു, പക്ഷെ ആവശ്യങ്ങളെല്ലാം തള്ളി ബൊമ്മൈ: മൂന്ന് തീവണ്ടിപ്പാതകളും നടക്കില്ല
കേരളം ആവശ്യപ്പെട്ട മൂന്ന് റെയില്‍വേ പദ്ധതികളും നിരസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘവുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മൾ സഹോദര സംസ്ഥാനങ്ങളാണെന്നും സാംസ്കാരിക വിനിമയം ഏറെയുണ്ട്. എന്നാൽ, കാസർഗോഡ് മുതൽ ദക്ഷിണ കന്നഡ, മൈസൂരു മുതൽ തലശ്ശേരി വരെയുള്ള മൂന്ന് റെയിൽവേ പദ്ധതികളും കാഞ്ഞങ്ങാട്-കണിയൂർ റെയിൽപാതകളും പരിസ്ഥിതിലോല മേഖലകളിൽ വരുമെന്നതിനാല്‍ കേരളത്തിന്റെ നിർദ്ദേശം അംഗീകരിക്കാനാവില്ല'' മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

നേരത്തെ കേരളം മുന്നോട്ട് വെച്ച കങ്കാർ-ബന്തൂർ-കണിയൂർ റെയിൽവേ പദ്ധതി റെയിൽവേ വകുപ്പ് തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ ഇരുസംസ്ഥാനങ്ങളും സമ്മതിച്ചാൽ പദ്ധതി തുടരാമെന്ന നിലപാടിലാണ് റെയിൽവേ. എന്നാല്‍ ഈ നിർദേശം അംഗീകരിക്കാനാവില്ലെന്നാണ് കർണാടകയുടെ നിലപാട്. പരിസ്ഥിതി ലോലമായ സുള്ള്യ-സുബ്രഹ്മണ്യ പാതയിലൂടെയാണ് പാത കടന്നുപോകുന്നതെന്നും ബൊമ്മൈ പറഞ്ഞു.

കർണാടക യാത്രക്കാർക്കുള്ള പ്രയോജനവും അതോടൊപ്പം തന്നെ പാരിസ്ഥിക വിഷയങ്ങളും കർണാടക പരിശോധിക്കും. " പരിശോധനകള്‍ നടക്കുന്നത് വരെ സമ്മതം നൽകാൻ കഴിയില്ലെന്ന് ഞങ്ങൾ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ദേശീയ ഉദ്യാനങ്ങള്‍, കടുവാ സങ്കേതങ്ങൾ, ആന സങ്കേതങ്ങൾ എന്നിവയിലൂടെ പദ്ധതികൾ കടന്നുപോകും. ഇതൊക്കെ പഴയ നിർദേശങ്ങളാണ്. നേരത്തെയും ഞങ്ങൾ ഇത് തള്ളിക്കളഞ്ഞു. ഇപ്പോഴും ആ നിർദേശം ഞങ്ങള്‍ വേണ്ടെന്ന് വെക്കുന്നു," കർണാടക മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് മുഖ്യമന്ത്രിമാരും അതിർത്തി പ്രശ്‌നങ്ങളും ചർച്ച ചെയ്തു. രാത്രി യാത്രയും ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ഹൈവേയുമാണ് ചർച്ചാ വിഷയമായത്. പരിസ്ഥിതി ലോല പ്രദേശമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത രാത്രി ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ്.

രാത്രി ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കുകയും ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്നത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഹൈവേ തുറക്കാനാകില്ലെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ബൊമ്മൈ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു.

സിപിഐ എം സംസ്ഥാനതല സമ്മേളനത്തിനായി മുന്നോടിയായി ബാഗേപ്പള്ളിയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ബംഗളൂരുവിൽ ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ദക്ഷിണമേഖലാ കമ്മിറ്റി കൺവെൻഷന്റെ തുടർച്ചയായിട്ടായിരുന്നു കൂടിക്കാഴ്ച.

ബൊമ്മൈയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ബാഗേപ്പള്ളിയില്‍ എത്തിയ പിണറായി വിജയന്‍ സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയ പരീക്ഷണശാലയാണ് കർണാടക. പാഠപുസ്തകങ്ങളുടെ കാവി വൽക്കരണത്തിൽ തുടങ്ങി സമസ്ത മേഖലയിലും സംഘപരിവാർ പിടിമുറുക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാറിനെ എതിരിടാൻ കർണാടകയിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സിന് കഴിയുന്നില്ലെന്നും പിണറായി വിജയന്‍ ബാഗേപ്പളിയില്‍ പറഞ്ഞു.

രാജ്യത്താകെ ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജൻസിപ്പണിയാണ് ഇന്നവർ ചെയ്യുന്നത്. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരേ തൂവൽപ്പക്ഷികളുമാണ്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയമുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമേ സംഘപരിവാരത്തിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. അതിനായി പാർട്ടിയെ സംഘടനാതലത്തിലും പാർലമെൻററി രംഗത്തും ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് ബാഗേപ്പള്ളിയിൽ ഉയർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications