'കോട്ടയം മാത്രം പോര, പത്തനംതിട്ട കൂടി വേണം'; അധിക സീറ്റ് ചോദിക്കാൻ കേരള കോൺഗ്രസ് (എം)
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം). കോട്ടയത്തിന് പുറമെ പത്തനംതിട്ട സീറ്റിന് കൂടിയായിരിക്കും അവകാശവാദം ഉന്നയിക്കുക. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും കേരള കോൺഗ്രസ് ആയിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് വിജയിക്കാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ഇത്തവണ മണ്ഡലത്തിൽ സാധ്യത ഏറെയാണെന്നാണ് പാർട്ടിക്കുള്ളിലെ വികാരം. ക്രിസ്ത്യൻ വോട്ടുകളും ഇവിടെ ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു.

പത്തനംതിട്ട യു ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44423 വോട്ടുകൾക്കായിരുന്നു ആന്റോ ആന്റണി ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ കോട്ടയം മണ്ഡലത്തിലേക്ക് മാറാൻ ആന്റോ ആന്റണി ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ട്. അങ്ങനെയെങ്കിൽ മണ്ഡലത്തിൽ കാര്യങ്ങൾ തങ്ങൾക്ക് കൂടുതൽ അനുകൂലമാകുമെന്നും കേരള കോൺഗ്രസ് (എം) കരുതുന്നു.
എൽ ഡി എഫിൽ വര്‍ഷങ്ങളായി സി പി എമ്മും ജനതാദളും മാറി മാറി മത്സരിക്കുന്ന മണ്ഡലമായിരുന്നു കോട്ടയം. ജോസ് കെ മാണി പക്ഷം മുന്നണിയിലെത്തിയതോടെ യു ഡി എഫിലായിരുന്നപ്പോൾ തങ്ങൾ മത്സരിച്ചിരുന്ന കോട്ടയം സീറ്റിന് അവർ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇത്തവണയും കേരള കോൺഗ്രസ് (എം) തന്നെയാണ് ഇവിടെ മത്സരിക്കുക. എന്നാൽ ഇക്കുറി സിറ്റിംഗ് എംപിയായ തോമസ് ചാഴിക്കാടന് പകരം മറ്റ് പേരുകൾ പാർട്ടി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്. അതേസമയം ജോസ് കെ മാണി കോട്ടയത്ത് നിന്ന് മത്സരിക്കണമെന്ന ആവശ്യവും നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്.
അതേസമയം കരുതൽമേഖല, വന്യജീവി ആക്രമണം, കാർഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് തുടരണമെന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രതിസന്ധിയിലായ റബ്ബർകർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില 250 രൂപയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ബി ജെ പി നീക്കം രാജ്യത്തെ വിഭജിക്കാനാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മതപരമായ പരിഷ്‌കാരങ്ങൾ ഭരണകൂടം അടിച്ചേൽപ്പിക്കുന്നതിനെ നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications