ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാക്കേണ്ടെ? ഫീസ് അടയ്ക്കണം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ്. പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കുന്ന രീതിക്ക് ഇനി ബൈ പറയാം. കഴിഞ്ഞ ദിവസമായിരുന്നു പി വി സി പെറ്റ്ജി കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.
ഏഴ് സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതാണ് പുതിയ ലൈസന്‍സ് കാര്‍ഡ്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് ആദ്യം നടപടി ആരംഭിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കോടതി വ്യവഹാരങ്ങളിലൂടെ നടപടി നീണ്ടു പോവുകയായിരുന്നു. വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് പുതിയ ലൈസന്‍സ് ആധികാരിക രേഖയായി സമര്‍പ്പിക്കാന്‍ കഴിയും.

നിങ്ങളുടെ കൈവശമുള്ള പഴയ ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാന്‍ സാധിക്കും. ഇതിനായി 200 രൂപയാണ് ചെലവ് വരുന്നത്. നിലവിലുള്ള ലൈസന്‍സ് ഉടമകള്‍ക്ക് പരിവാഹന്‍ സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് താപാല്‍ ചാര്‍ജിനൊപ്പം 200 ഫീസ് അടച്ചാല്‍ പുതിയ ലൈസന്‍സ് വീട്ടില്‍ എത്തും. ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഈ കിഴിവ് ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിന് ശേഷം 1300 രൂപയാണ് ഫീസായി നല്‍കേണ്ടത്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുതിയ കാര്‍ഡ് നല്‍കിയിരിക്കുന്നത്. വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മേയ് മാസം മുതല്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ ഡ്രൈവിംഗ് ലൈസന്‍സ് എത്തുന്നതോടെ നിലവാരമുള്ള ലൈസന്‍സ് കാര്‍ഡ് വേണമെന്ന മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം സഫലമാകുകയാണ്.
നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വന്നത്. സീരിയല്‍ നമ്പര്‍, യു വി എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്.
അതേസമയം, സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാരായ പി. രാജീവ്, ജി. ആര്‍. അനില്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി കൈമാറി. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജുവാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. വി കെ പ്രശാന്ത് എം എല്‍ എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications