ഭവാനിപ്പുഴയിലെ ഒഴുക്ക് മൂലം ആദ്യം പിന്തിരിഞ്ഞു: അട്ടപ്പാടിയില്‍ നിന്ന് പുറത്തെത്തിച്ചത് ആറ് പേരെ!!
പാലക്കാട്: കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ വര്‍ധിക്കുന്നു. പാലക്കാട് അട്ടപ്പാടിയിലെ അഗളിയില്‍ നിന്ന് ഗര്‍ഭിണിയെ രക്ഷിച്ച സംഭവം ഇതിനുദാഹരണമാണ്. എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെയാണ് രക്ഷപ്പെടുത്തിയത്. ഭവാനിപ്പുഴയ്ക്ക് കുറുകെ കെട്ടിയ കയറിലാണ് ഗര്‍ഭിണിയെ മറുകരയിലെത്തിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സുരക്ഷിതമായി എത്തിച്ചതിന് പിന്നാലെ ഡോക്ടര്‍മാര്‍ സ്ഥലത്തെ പരിചരണം നല്‍കുകയും ചെയ്തു.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ; 13,14,15 തീയ്യതികളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
അറുപതുകാരിയായ പഴനിയമ്മ, മകന് മുരുകേശന്, പേരക്കുട്ടി മൈന, മരുമകള്‍ ലാവണ്യ, പൊന്നന് എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതര്‍ കരക്കെത്തിച്ചത്. ഭവാനിപ്പുഴയ്ക്ക് രണ്ടായി പിരിയുന്ന അട്ടപ്പാടിയിലെ പട്ടിമാളത്താണ് ഈ കുടുംബം ഒറ്റപ്പെട്ടുപോയത്. കഴിഞ്ഞ ദിവസം ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പുഴയിലെ ജലനിരപ്പും ഒഴുക്കും ക്രമാതീതമായി ഉയര്‍ന്നതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ശനിയാഴ്ച വീണ്ടും ദൗത്യം ആരംഭിച്ചത്.
കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞതോടെയാണ് അട്ടപ്പാടി മേഖല ഒറ്റപ്പെട്ടുപോയത്. ഈ മേഖലയില്‍ നിലവില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അട്ടപ്പാടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് അട്ടപ്പാടിയില്‍ ഒറ്റപ്പെട്ടുപോയവരെ പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരുന്നത്. നേരിട്ട് ആളുകള്‍ക്ക് പ്രദേശത്തേക്ക് എത്താന്‍ കഴിയാത്തത് വെല്ലുവിളിയായതോടെ കയറില്‍ കെട്ടിയാണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും അട്ടപ്പാടിയിലേക്ക് എത്തിയ്ക്കുന്നത്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന് അഗളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.