തടിക്കച്ചവടക്കാരനിൽ നിന്ന് ആഢംബര ജീവിതത്തിലേക്ക്: സന്ദീപ് നായർ സ്വപ്ന സുരേഷിന്റെ ബിനാമിയോ?
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. സരിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങളെ തുടർന്നാണ് കസ്റ്റംസ് സ്വപ്നയുടേയും സരിത്തിന്റെയും സുഹൃത്തിന്റെ ഭാര്യ സൌമ്യയെ ഇപ്പോൾ ചോദ്യം ചെയ്തുവരുന്നത്. സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ ഒളിവിൽ പോയ സന്ദീപ് നായർക്കും സ്വപ്ന സുരേഷിനും വേണ്ടി കസ്റ്റംസും പോലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സരിത്തിനൊപ്പം സന്ദീപും?
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ സുഹൃത്തായ സന്ദീപ് നായരെക്കുറിച്ച് കുടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്വപ്ന സുരേഷിന്റെ ബിനാമിയാണ് സന്ദീപ് നായരെന്ന് സംശയം ഉയർന്നിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനൊപ്പമുള്ള എല്ലാ ഇടപാടുകളിലും സന്ദീപിന് പങ്കുണ്ടെന്ന് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട്ട് കാർബണ ഡോക്ടർ എന്ന വർക്ക് ഷോപ്പിന്റെ ഉടമ കൂടിയാണ് സന്ദീപ്. സ്വർണ്ണക്കടത്ത് വിവാദം പുറത്തുവന്നതോടെ വർക്ക്ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് കഴിഞ്ഞ ദിവസം വിവാദത്തിന് വഴിയൊരുക്കിയത്.

തടിക്കടയിൽ ജീവനക്കാരൻ
നേരത്തെ തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്ന സന്ദീപിന്റെ സാമ്പത്തിക നിലയിൽ പെട്ടെന്നാണ് മാറ്റങ്ങൾ പ്രകടമായത്. ദുബായ് ബന്ധങ്ങളുണ്ടായിരുന്ന സന്ദീപ് അടുത്തിടെ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഒരു ആഢംബര കാറും സ്വന്തമാക്കിയിരുന്നു. കാറുകളുടെ എൻജിനിൽ നിന്ന് കാർബൺ മാലിന്യം നീക്കുന്ന സ്റ്റാർട്ട് അപ്പാണ് സന്ദീപ് നായർ ആരംഭിച്ച കാർബൺ ഡോക്ടർ. ഇതുമായി സ്വപ്ന സുരേഷിനുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്വപ്നയാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ ക്ഷണിക്കുന്നത്. വിവാദമുയർന്നതോടെ സ്പീക്കർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സന്ദീപ് നായർ എവിടെ?
സ്വർണ്ണക്കടത്ത് കേസ് പുറത്തായതിന് ശേഷം സന്ദീപ് നായർ സ്ഥാപനത്തിലേക്ക് വരികയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഫോണും ഓഫ് ചെയ്ത നിലയിലാണുള്ളത്. ഭാര്യയ്ക്കോ കുടുംബാംഗങ്ങൾക്കോ ഇയാൾ എവിടെ ആണ് എന്നതിനെക്കുറിച്ച് അറിവില്ല. ഭാര്യയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ എവിടെയാണ് എന്നതിനെക്കുറിച്ച് ഇവർക്കും അറിവില്ല. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്ന വിവരം ലഭിച്ചതോടെ പോലീസും കസ്റ്റംസും സന്ദീപിനും സ്വപ്നക്കും വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സന്ദീപ് സ്വപ്നയുടെ ബിനാമിയോ?
2019 ഡിസംബർ 31നായിരുന്നു നെടുമങ്ങാട്ട് വെച്ച് സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് സ്വപ്നയുടെ ക്ഷണം സ്വീകരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണനും എത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. സ്വപ്ന നേരിട്ടെത്തിയാണ് സ്പീക്കറെ പരിപാടിയ്ക്ക് ക്ഷണിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച സ്പീക്കർ മറ്റ് വിവാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങൾക്കായി യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ സമീപിച്ചിരുന്നുലെന്നും ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാൽ ഇവരുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ നിന്നില്ലെന്നും സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സന്ദീപിന്റെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ?
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൌമ്യയെ ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാവിലെയോടെ തിരുവനന്തപുരത്തെത്തിയ കസ്റ്റംസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിക്കുന്നത്. കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.

സ്വപ്നയും സന്ദീപും ഒളിവിൽ
സ്വർണ്ണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ മുഖ്യസൂത്രധാരയായ സ്വപ്നയ്ക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ പോയ സ്വപ്നയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് പിന്നാലെ സന്ദീപും ഒളിവിൽ പോയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി സ്വപ്ന എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തിവരുന്നത്. സന്ദീപ് എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യ സൌമ്യ അധികൃതർക്ക് നൽകിയ വിവരം. എന്നാൽ സ്വർണ്ണക്കടത്തുമായി സന്ദീപിനും പങ്കുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.












Click it and Unblock the Notifications