Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശാ വർക്കേഴ്സിന്റെ ഓണറേറിയും കുടിശിക അനുവദിച്ച് സർക്കാർ: പക്ഷെ സമരത്തില്‍ നിന്നും പിന്നോട്ടില്ല

തിരുവനന്തപുരം: സമരം ശക്തമാകുന്നതിനിടെ ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ച് സർക്കാർ. മൂന്നുമാസത്തെയും കുടിശികയും ഇൻസെന്റീവും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. പതിനെട്ടാം ദിവസവും സമരം തുടരുന്ന ആശാവർക്കർമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിശ്ശിക തീർക്കല്‍.

ഓണറേറിയം കുടിശിക അനുവദിച്ചെങ്കിലും പ്രധാന ആവശ്യങ്ങളോട് സർക്കാർ ഇപ്പോഴും മുഖം തിരിച്ച് നില്‍ക്കുന്നതിനാല്‍ സമരം തുടരുമെന്നാണ് ആശാ വർക്കർമാർ വ്യക്തമാക്കുന്നത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയവയാണ് ആശാ വർക്കർമാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

veena-george-

അതേസമയം കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10000 മുതൽ 13500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. 'ആശ' ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ട്. ആശാ വർക്കർമാരുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആക്കി ഉയർത്തിയപ്പോൾ സാക്ഷരത മിഷനിലൂടെ പത്താം ക്ലാസ് യോഗ്യതയില്ലാത്ത ആശമാരെ രജിസ്റ്റർ ചെയ്യിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ചു. തുടർവിദ്യാഭ്യാസത്തിന് താത്പര്യമുള്ളവർ ഹയർസെക്കണ്ടറി തലത്തിൽ രജിസ്റ്റർ ചെയ്ത് പഠിക്കുന്നുമുണ്ട്. ഇതിനെല്ലാം ആശമാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് സംസ്ഥാന സർക്കാരാണ്. ആശാ വർക്കർമാർക്ക് കമ്പ്യൂട്ടർ സാക്ഷരതയടക്കം കേരള സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമം, ആശാ വർക്കർമാർ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തോടുള്ള അധികാരികളുടെ സമീപനം വിചിത്രമാണെന്ന് സാഹിത്യകാരി പി ഗീത അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ വിമർശനം. പി ഗീതയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആശാ വർക്കർമാർ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തോടുള്ള അധികാരികളുടെ സമീപനം വിചിത്രമാണ്.

സമരത്തിൽ പങ്കെടുക്കരുതെന്നാഹ്വാനം ചെയ്യുന്നു, പങ്കെടുത്തവർക്കെതിരെ ശിക്ഷാ നടപടികൾ പ്രഖ്യാപിക്കുന്നു, സമരക്കാർക്കു പകരം ജീവനക്കാരികളെ വെക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, കള്ളക്കേസുകൾ കെട്ടിയുണ്ടാക്കുന്നു, സമരത്തിനു പിന്നിൽ അരാജകവാദികളും നിക്ഷിപ്ത താല്പര്യക്കാരുമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു, ഇപ്പോൾത്തന്നെ ആശമാർക്കു അർഹിക്കുന്നതിലധികം വേതനമുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു, കേരളത്തിലെ ഇടതുപക്ഷമാണ് ഏറ്റവുമധികം വേതനം കൊടുക്കുന്നതെന്ന അവകാശവാദം ഉന്നയിക്കുന്നു, വിരോധാഭാസമെന്നോണം കേന്ദ്ര സർക്കാരാണ് തുക കൂട്ടിക്കൊടുക്കേണ്ടതെന്നു പതിവുപോലെ ആവർത്തിക്കുന്നു, സ്വന്തം വാദം ഉന്നയിക്കാൻ ഒറ്റുകാരികളെ ഇറക്കുന്നു.

അടിസ്ഥാന സ്ത്രീകൾ തെരുവിലിറങ്ങി നടത്തുന്ന ഈ അതിജീവന സമരത്തോട് "ജനാധിപത്യ "അധികാരികൾ കാണിക്കുന്ന നെറികേടും അസഹിഷ്ണുതയും മുഷ്ക്കും കാണുമ്പോൾ പഴയ ജന്മികൾ അടിയാന്മാരോട് സ്വീകരിച്ച സമീപനങ്ങൾ ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു എന്നു തോന്നും. നാണമില്ലേ ഈ അധികാരികൾക്ക് ജനാധിപത്യത്തെപ്പറ്റിയും തൊഴിലാളികളെപ്പറ്റിയും ഗീർവാണമിറക്കാൻ.

ആശമാരുടെ ആത്മാഭിമാനത്തെ വീണ്ടും വീണ്ടും മുറിവേല്പിച്ച് സമരത്തിൽ നിന്നു പിന്മാറ്റാനുള്ള ഈ ശ്രമങ്ങൾ ശുദ്ധമാടമ്പിത്തമാണ്. ഇതിനെ ചെറുത്തു തോല്പിക്കാൻ ആൾമാർക്കു സാധിക്കുമെന്നാണ് ഞാനുറച്ചു വിശ്വസിക്കുന്നത്. കാരണം അവർ അന്തസും ഉത്തരവാദിത്വവുമുള്ള സ്ത്രീതൊഴിലാളികളാണ്. മാധ്യമങ്ങൾ അവരോടൊപ്പം നില്ക്കട്ടെ. പൊതു സമൂഹം സ്വന്തം ആരോഗ്യ സംരക്ഷകരായ ഇവരെ സർവാത്മനാ പിന്തുണയ്ക്കട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+