ഗവര്‍ണര്‍ പദവിയുടെ അന്തസിനെ അപമാനിച്ചാൽ മന്ത്രിമാരെ തിരിച്ച് വിളിക്കും, കടുത്ത മുന്നറിയിപ്പുമായി ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയുടെ അന്തസിനെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചാല്‍ കടുത്ത നടപടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. മന്ത്രിമാരെ അവരുടെ സ്ഥാനത്ത് നിന്ന് പിന്‍വലിക്കാനുളള അധികാരം ഉപയോഗിക്കുന്നത് അടക്കമുളള നടപടികളെ കുറിച്ചാണ് ഗവര്‍ണര്‍ ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറെ ഉപദേശിക്കാനുളള എല്ലാ അവകാശങ്ങളും മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഉണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയെ ഇടിച്ച് താഴ്ത്തുന്ന തരത്തില്‍ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍ അവരെ തിരിച്ച് വിളിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ക്ഷണിച്ച് വരുത്തുന്നതാണ് എന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ്.

ഗവര്‍ണറുടെ പ്രസ്താവന വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാരിന് ഗവര്‍ണര്‍ ഭീഷണി സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത് അസാധാരണമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍വ്വകലാശാല നിയമന വിവാദം അടക്കമുളള വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലിലാണ്. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ച് അയക്കുന്ന സാഹചര്യങ്ങളുണ്ടായി. രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ത്തും ഗവര്‍ണര്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുകയുണ്ടായി. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി എത്തിയതോടെ പോരാട്ടം കടുത്തു.
ഗവര്‍ണറുടെ പുതിയ ട്വീറ്റോട് കൂടി സര്‍ക്കാരുമായുളള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കാനുളള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി അടക്കമുളള വിദഗ്ധര്‍ പറയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമേ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ മാറ്റാന്‍ സാധിക്കുകയുളളൂ. അതല്ലാതെ ഗവര്‍ണര്‍ക്ക് ഇഷ്ടമുളളപ്പോള്‍ മാറ്റുക എന്നത് ഭരണഘടന അനുസരിച്ച് സാധ്യമല്ല. അത്തരമൊരു അധികാരം ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിട്ടില്ലെന്നും പിഡിടി ആചാരി വ്യക്തമാക്കി.












Click it and Unblock the Notifications