നഴ്‌സുമാര്‍ക്ക് ഇനി എല്ലാ ആശുപത്രിയിലും ഡ്യൂട്ടി ഷിഫ്റ്റ് 6-6-12, ഓവര്‍ടൈം ഡ്യൂട്ടിക്ക് അലവന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ തൊഴില്‍ സമയവുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും 6-6-12 ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു നിലവില്‍ ഈ ഷിഫ്റ്റ് സമ്പ്രദായം (6-6-12 ഷിഫ്റ്റ്) നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇനി എത്ര കിടക്കകളുള്ള ആശുപത്രിയാണെങ്കിലും 6-6-12 ഷിഫ്റ്റ് നടപ്പിലാക്കണം. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അതായത് ഇനി മുതല്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാ നഴ്‌സുമാര്‍ക്കും പകല്‍ ഡ്യൂട്ടി ആറ് മണിക്കൂര്‍ ആയിരിക്കും.

നൈറ്റ് ഡ്യൂട്ടി 12 മണിക്കൂറുമായിരിക്കണം. വി വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചു 2021 ല്‍ പുറത്തിറക്കിയ ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്. നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്നായിരുന്നു സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ജോലി സമയം സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയമിച്ചത്. 2012 ല്‍ ആയിരുന്നു ഇത്.
മുന്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ വി വീരകുമാര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അനുകൂലമായ പല ശുപാര്‍ശകളും കമ്മിറ്റി നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുകിട്ടാന്‍ നഴ്‌സുമാര്‍ക്കു വീണ്ടും സമരം നടത്തേണ്ടിവന്നു. 2018 ല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും ഉത്തരവിറക്കിയതു 2021 ലാണ്. അടുത്തിടെ കിടക്കകളുടെ എണ്ണം 50 ആയി നിശ്ചയിക്കണമെന്ന ആവശ്യവുമായി നഴ്‌സുമാര്‍ തൊഴില്‍ വകുപ്പിനെ സമീപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ആഗസ്റ്റില്‍ സ്വകാര്യ ആശുപത്രി ഉടമകളുടെയും ജീവനക്കാരുടെയും തൊഴില്‍ വകുപ്പിന്റെയും പ്രതിനിധികളടങ്ങിയ വ്യവസായ ബന്ധസമിതിയുടെ (ഐ ആര്‍ സി) യോഗം ലേബര്‍ കമ്മിഷണര്‍ വിളിച്ച് ചേര്‍ത്തു. വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ തന്നെ നടപ്പാക്കാന്‍ ഈ യോഗത്തിലാണ് ധാരണയായത്. പിന്നാലെ ലേബര്‍ കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
അതേസമയം നഴ്‌സുമാരുടെ ട്രേഡ് യൂണിയനുകളുടെ സമ്മതത്തോടെ അവശ്യസാഹചര്യത്തില്‍ സമയത്തില്‍ വ്യത്യാസം വരുത്തുന്നതിനു തടസമുണ്ടായിരിക്കുന്നതല്ല. 100 കിടക്കകളില്‍ കുറവുള്ള സ്വകാര്യ ആശുപത്രികളിലും നിലവില്‍ ഷിഫ്റ്റ് സമ്പ്രദായം (8 മണിക്കൂര്‍ വീതം) ഉണ്ടെങ്കിലും പലയിടത്തും കൃത്യമായി നടപ്പാക്കുന്നില്ല എന്ന് നഴ്‌സുമാര്‍ പരാതിപ്പെട്ടിരുന്നു. 2021 ലെ ഉത്തരവില്‍ ഉള്‍പ്പെടാത്തതിനാല്‍, തങ്ങള്‍ക്ക് ഷിഫ്റ്റ് സമ്പ്രദായം ബാധകമല്ല എന്നായിരുന്നു ചില ആശുപത്രികളുടെ വാദം. ഇതോടെയാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്.
രാത്രിയില്‍ ജീവനക്കാര്‍ക്ക് വീട്ടിലെത്താന്‍ ഗതാഗത സൗകര്യമില്ലെങ്കില്‍ വിശ്രമമുറി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, അധിക സമയം ജോലി ചെയ്താലുള്ള ഓവര്‍ടൈം അലവന്‍സ് എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും നല്‍കണമെന്നും ഉത്തരവിലുണ്ട്. മാസത്തില്‍ 208 മണിക്കൂര്‍ അധികരിച്ചാലാണ് അലവന്‍സ്. നഴ്‌സുമാരുടെ മിനിമം വേജസ് സംബന്ധിച്ച കേസ് നടക്കുന്നതിനാല്‍, അലവന്‍സ് എത്ര രൂപ ലഭിക്കും എന്നതില്‍ വ്യക്തതയില്ല.












Click it and Unblock the Notifications