പ്രസവത്തിന് മൊബൈല്‍ ഇല്ലാത്ത വയറ്റാട്ടി വേണ്ടിവരുമോ?
കണ്ണൂര്‍: പ്രസവത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത വയറ്റാട്ടി വേണ്ടിവരുമോ എന്ന് ഹൈക്കോടതി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ രണ്ടുമാസം മുന്‍പ് നടന്ന പ്രസവം ചിത്രീകരിച്ച് വാട്‌സ് ആപ്പിലൂടെ പ്രചരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രസക്തമായ ചോദ്യം.
നമ്മുടെ സഹോദരിമാരെ വിശ്വസിച്ച് ആശുപത്രിയില്‍ പ്രസവത്തിനായി അയക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡോക്ടര്‍മാരുടെ അറസ്റ്റ് തടയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണം എന്ന് ഡോക്ടര്‍മാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഈ മാസം 30ന് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞദിവസം കണ്ണൂര്‍ ഡിഎംഒ ഡോ. റീന നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിഎച്ച്എസ്സിന് സമര്‍പ്പിച്ചു കഴിഞ്ഞു. പ്രസവം ചിത്രീകരിച്ചതില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് ഡിഎംഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വകുപ്പ് തല നടപടി എടുക്കാനും നിര്‍ദ്ദേശിച്ചു. ആരോഗ്യമന്ത്രിയുടെ തീരുമാനത്തിനുശേഷം ഡോക്ടര്‍മാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നാണ് വിവരം.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചു നടന്ന സംഭവം ഒരു സ്വകാര്യ ചാനല്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടതോടെയാണ് പുറത്തറിയുന്നത്. ചിത്രത്തില്‍ കാണുന്നത് താനാണെന്ന് പറഞ്ഞ് ഒരു സ്ത്രീ പോലീസ് പരാതി നല്‍കുകയും ചെയ്തതോടെ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിച്ചു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസുമായി മുന്നോട്ടു പോവുകയാണ്.












Click it and Unblock the Notifications