അണ്ടര്‍ 17 ലോകകപ്പ്: ജയം ഫിഫയ്ക്ക്, വ്യാപാരികളെ ഒഴിപ്പിക്കും...
വ്യാപാരികളോട് ഒഴിഞ്ഞുപോവാന്‍ കോടതി ആവശ്യപ്പെട്ടു
കൊച്ചി: ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് സുരക്ഷയൊരുക്കാന്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകമുറികള്‍ ഒഴിപ്പിക്കും. സപ്തംബര്‍ 25 മുതല്‍ ഒഴിയാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 25 വരെ കടകള്‍ ഒഴിഞ്ഞു കൊടുക്കണമെന്നാണ് കോടതി നിര്‍ദേശം. ഒഴിഞ്ഞുപോവുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 75 ലക്ഷം രൂപ ട്രഷറിയില്‍ അടയ്ക്കാന്‍ ജിസിഡിഎയോട് കോടതി ആവശ്യപ്പെട്ടു.

ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിയണമെന്നാവശ്യപ്പെട്ടു ജിസിഡിഎ നേരത്തേ കടയുടമകള്‍ക്കു നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരേ സ്‌റ്റേഡിയത്തിലെ വാടക്കാരായ എറണാകുളം ചങ്ങമ്പുഴ നഗര്‍ വി രാമചന്ദ്രന്‍ നായരടക്കം 46 വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹര്‍ജിക്കാരും കോടതിയെ ബോധിപ്പിക്കുകയായിരുന്നു. ഇവിടെയുള്ള കടകള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടത്ര തയ്യാറെടുപ്പ് ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് തന്നെ കൊച്ചിയില്‍ മല്‍സരങ്ങള്‍ നല്‍കുന്ന കാര്യം ഫിഫയമായി ചര്‍ച്ച ചെയ്തതതാണ്. അതുകൊണ്ടു തന്നെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടക്കാര്‍ക്ക് മുറി ഒഴിയാന്‍ മൂന്നു മാസത്തെ സാവകാശമെങ്കിലും നല്‍കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications