സ്വകാര്യബസുകളുടെ 200 ഓളം റൂട്ടുകള്‍ കൂടി കെഎസ്ആര്‍ടിസി ഏറ്റെടുക്കും; പകരം ഫാസ്റ്റ് പാസഞ്ചര്‍
തിരുവനന്തപുരം: സ്വകാര്യബസുകള്‍ ഓടുന്ന 200 ഓളം റൂട്ടുകള്‍ കൂടി ഏറ്റെടുക്കാന്‍ കെ എസ് ആര്‍ ടി സി. പെര്‍മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര്‍ പരിധി നിശ്ചയിച്ച ഓര്‍ഡിനറി ബസുകളുടെ റൂട്ടുകളാണ് കെ എസ് ആര്‍ ടി സി ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. നേരത്തെ 470 സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍ നിന്ന് 241 എണ്ണം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്മാന രീതിയില്‍ കെ എസ് ആര്‍ ടി സി ഏറ്റെടുത്തിട്ടുണ്ടായിരുന്നു.
ഈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചറുകള്‍ ആയിരുന്നു ഓടിച്ചിരുന്നത്. എന്നാല്‍ ഇവിടെ സ്വകാര്യബസുകള്‍ ഓര്‍ഡിനറി ബസുകളുടെ നിരക്കില്‍ ഓടുകയും ചെയ്തതോടെ കോര്‍പ്പറേഷന് നഷ്ടമുണ്ടായി. പിന്നീട് ആണ് ഓര്‍ഡിനറി ബസുകള്‍ക്ക് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചത്.

140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യബസുകളില്‍ പലതും ദൂരപരിധി കണക്കാക്കാതെ ആണ് സര്‍വീസ് നടത്തുന്നത് എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ദൂരപരിധി കണക്കാക്കാതെ ആണ് സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ ഇത്തരം ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി കിട്ടിയില്ല. ബസുടമകള്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷമായതോടെ താത്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കിയിരുന്നു.

എന്നാല്‍ പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകളില്‍ പലതിലും ദൂരപരിധി പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് സ്വകാര്യ ബസിന്റെ റൂട്ട് ഏറ്റെടുക്കാന്‍ കെ എസ് ആര്‍ ടി സി ഒരുങ്ങുന്നത്. ദൂരപരിധി പാലിക്കാത്ത ബസുകളുടെ വിവരങ്ങളും സമയപ്പട്ടികയും ആര്‍ ടി ഓഫീസുകളില്‍നിന്ന് കെ എസ് ആര്‍ ടി സി ശേഖരിക്കുകയാണ് ഇപ്പോള്‍.

അടുത്ത നാല് മാസത്തിനുള്ളില്‍ ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കാനാണ് കെ എസ് ആര്‍ ടി സിയുടെ നീക്കം. കട്ടപ്പുറത്തിരിക്കുന്ന 748 ബസുകള്‍ അറ്റകുറ്റപ്പണി നടത്തി ഉടന്‍ നിരത്തിലിറക്കും. ഇവ ഓടിക്കാനായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് റൂട്ട് പിടിച്ചെടുക്കാന്‍ കെ എസ് ആര്‍ ടി സി ശ്രമിക്കുന്നത്. അതേസമയം റൂട്ട് ഏറ്റെടുക്കാനുള്ള തീരുമാനം കൊവിഡാനന്തനം നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ പൂര്‍ണമായും തകര്‍ക്കും എന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നു.












Click it and Unblock the Notifications