കാക്കോത്തിക്കാവും വാവാച്ചി ലക്ഷ്മിയും ഇനിയുണ്ടാവരുത്, അവര്‍ ഒന്നിച്ച് കുട്ടികള്‍ക്കായി കൈകോര്‍ക്കും

  • Written By: Vaisakhan
Subscribe to Oneindia Malayalam

കോഴിക്കോട്: നാടെങ്ങും ഇപ്പോള്‍ കുട്ടികളെ കാണാതാവുന്നതിന്റെ ആശങ്കയിലാണ്. പക്ഷേ ഇതിനെ തുടര്‍ന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങളും അതോടൊപ്പം ചര്‍ച്ചയാവുന്നുണ്ട്. താലോലിച്ച് വളര്‍ത്തിയ സ്വന്തം കുട്ടികളെ ഒരുനാള്‍ കാണാതാവുമ്പോള്‍ എതൊരു മാതാപിതാക്കള്‍ക്കും സഹിക്കാവുന്നതിലപ്പുറം ചെയ്തുപോകും എന്നൊരു ന്യായീകരണമായിരിക്കും പലര്‍ക്കും ഇതിനെ കുറിച്ച് പറയാനുണ്ടാകുക. എന്നാല്‍ കേരള ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന് പറയാനുള്ളത് അതല്ല. നമ്മള്‍ തന്നെയാണ് നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് എന്നാണ്. ഇതിനായി നിയമം കൈയിലെടുക്കുകയല്ല, മറിച്ച് കരുതലും ജാഗ്രതയുമാണ് ആവശ്യമെന്ന് ട്രസ്റ്റിന്റെ സെക്രട്ടറി പിസി ഹരീഷ് പറയുന്നു

നാളെ കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ കുട്ടികളെ കാണാതാവുന്നതിന് ജാഗ്രതൊരുക്കി കൈകോര്‍ക്കാം കാവലാളാകാം നമ്മുടെ മക്കളെ രക്ഷിക്കാന്‍ എന്ന പരിപാടിയിലൂടെ രക്ഷാകവചമൊരുക്കി പുത്തന്‍ മാതൃകയൊരുക്കുകയാണ് ഹരീഷ്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയില്‍ സംഭവങ്ങള്‍ പുതിയ കാലവുമായി ബന്ധിപ്പിച്ചുള്ള ദ്യശ്യാവിഷ്‌കാരം ഓരോ രക്ഷിതാവിനെയും ജാഗരൂകരാക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹരീഷ് പറയുന്നു.രക്ഷിതാക്കളെ ഭയപ്പെടുത്താനോ സമൂഹത്തില്‍ ഭീതിവിതയ്ക്കാനോ അല്ല കാലത്തിന്റെ ആവശ്യമാണ് ഈ പരിപാടിയെന്ന് ഹരീഷ് പറയുന്നു. പോസിറ്റീവായ ഒരു സംഗതിയെ സമൂഹത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു കൂട്ടം യുവാക്കളുടെയും മിഠായിത്തെരുവിലെ വ്യാപാരികളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. മിഠായിത്തെരുവിലെ എസ്‌കെ പൊറ്റെക്കാട്ടിന്റെ പ്രതിമയക്ക് സമീപമാണ് പരിപാടി നടത്തുന്നത്.

രക്ഷിതാക്കള്‍ കരുതിയിരിക്കണം

രക്ഷിതാക്കള്‍ കരുതിയിരിക്കണം

കുട്ടികള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നുണ്ടല്ലോ എന്ന് കരുതി അലസമായി കാര്യങ്ങള്‍ നോക്കികാണരുത്. ഇത് വളരെയധികം ശ്രദ്ധ വേണ്ട സമയമാണെന്ന് ഹരീഷ് പറയുന്നു. നമ്മുടെ കണ്ണൊന്ന് തെറ്റിയാല്‍ നഷ്ടമാകുന്നത് കുഞ്ഞിനെ തന്നെയായിരിക്കും. ആരാണ് കൊണ്ടുപോയതെന്ന് പോലും നമുക്കറിയില്ല. എപ്പോഴും അവര്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനായി സമൂഹത്തില്‍ അവബോധം വരുത്തേണ്ടതുണ്ട്. അതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സത്യാവസ്ഥ അറിയില്ല

സത്യാവസ്ഥ അറിയില്ല

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ ഭിക്ഷാടന മാഫിയ ആണെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഹരീഷ് പറയുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടി സംഘടിപ്പിക്കുമ്പോള്‍ കേരള ലൈഫിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി എന്തെന്നാല്‍ ഇത് ഒരിക്കലും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാവരുത് എന്നായിരുന്നു. അങ്ങനെ വന്നാല്‍ ഒരു നാട്ടുകൂട്ടം നിയമം കൈയ്യിലെടുക്കുന്നതിന് ഇടയാക്കും. അത്തരം ആശങ്കകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും രംഗാവിഷ്‌കാരത്തില്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു.

കാക്കോത്തിക്കാവിലെ നിലവിളികള്‍

കാക്കോത്തിക്കാവിലെ നിലവിളികള്‍

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന സിനിമ മലയാളി പ്രേക്ഷകരെ ഈറനണിയിച്ചതാണ്. ആ സിനിമയുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ട് കാലത്തിനനസരിച്ച് മാറി ഈ ചിത്രത്തെ പുതിയൊരു തലത്തില്‍ അവതരിപ്പിക്കുകയാണ് കേരള ലൈഫിന്റെ ലക്ഷ്യം. കാക്കോത്തിക്കാവിലെ നിലവിളികള്‍ എന്നാണ് രംഗാവിഷ്‌കാരത്തിന്റെ പേര്. സിനിമയില്‍ ശുഭാന്ത്യം ഉണ്ടായെങ്കിലും ജീവിതം ഒരിക്കലും അതുപോലെയാകാറില്ല. കുട്ടികള്‍ നഷ്ടപ്പെട്ട അമ്മമാരുടെ കരച്ചിലുകള്‍ നമ്മള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്. വാവാച്ചി ലക്ഷ്മിയും ഒറ്റക്കൈയ്യന്‍ ഉവാച്ചിമാരും ഇനി ഉണ്ടാവരുത്. ഓരോ രക്ഷിതാവും അതിനായി പരിശ്രമിക്കണം. പക്ഷേ അതിനൊരിക്കലും നിയമം കൈയ്യിലെടുക്കരുതെന്നും ഹരീഷ് പറയുന്നു.

ഐസിജെയുടെ പിന്തുണ

ഐസിജെയുടെ പിന്തുണ

കുട്ടികളുടെ സുരക്ഷയ്ക്കായി കൈകോര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ നിരവധി പേരുടെ പിന്തുണ ലഭിച്ചെന്ന് ഹരീഷ് പറയുന്നു. രക്ഷിതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നത് സ്വാഭാവികമായി തോന്നിയെന്നും എന്നാല്‍ ഒരു കൂട്ടം മാധ്യമവിദ്യാര്‍ഥികള്‍ കേരള ലൈഫിനൊപ്പം ചേരാനെത്തിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിലെ ഐസിജെയിലെ ജര്‍ണലിസം വിദ്യാര്‍ത്ഥിനി പസ്‌കിയാണ് കാക്കോത്തിക്കാവിലിന്റെ രംഗാവിഷ്‌കാരം നടത്തുന്നത്. അവിടെ ബാക്കിയുള്ള വിദ്യാര്‍ഥികള്‍ കൂട്ടായ്മയുടെ ഭാഗമാകും. മിഠായിത്തെരുവിലെ വിവിധ വ്യാപാരി സംഘടനകളും കൂട്ടായ്മയില്‍ അണിചേരും. ഈ നീക്കങ്ങള്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഹരീഷ് പറഞ്ഞു. ഡോ എംകെ മുനീര്‍ എംഎല്‍എ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

കണക്കുകള്‍ തെറ്റ്

കണക്കുകള്‍ തെറ്റ്

കേരളത്തില്‍ കുട്ടികള്‍ കാണാതാവുന്ന സംഭവത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതിയും മുഖ്യമന്ത്രിയും വ്യത്യസ്ത കണക്കുകളാണ് തരുന്നത്. അതോടൊപ്പം ഭയപ്പെടേണ്ടതായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംഭവത്തിന്റെ ഗൗരവം കുറച്ചുകാണുന്നതാണ്. അദ്ദേഹം കൂടുതല്‍ കാര്യക്ഷമമായി ഇക്കാര്യത്തില്‍ ഇടപെടണം. ഇതിന് പിന്നില്‍ ഒരു വലിയ സംഘം തന്നെയുണ്ടെന്ന അഭ്യൂഹം ശക്തമാണ്. ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നതിന് മുന്‍പ് തെറ്റിദ്ധാരണ ഇല്ലാതാക്കാനും കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാനും മുഖ്യമന്ത്രി ശ്രമിക്കണമെന്നാണ് കേരള ലൈഫിന്റെ ആഗ്രഹമെന്ന് ഹരീഷ് പറയുന്നു.

കുട്ടികള്‍ എവിടെപോകുന്നു

കുട്ടികള്‍ എവിടെപോകുന്നു

ഭിക്ഷാടന മാഫിയകള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് അടുത്തിടെ നടന്ന ചില അറസ്റ്റുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാന്‍ പോലീസിന് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയിനും ഓഗസ്റ്റിനും ഇടയില്‍ മാത്രം 88 കുട്ടികളെയാണ് കാണാതായത്. ഇവരെ ഭിക്ഷാടനത്തിനും അവയക്കടത്തിനുമായി ഉപയോഗിക്കുന്നു എന്ന് സംശയമുണ്ട്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഇതിന് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. 2014ല്‍ 75 കുട്ടികളും 2016ല്‍ 83 കുട്ടികളുമാണ് കേരളത്തില്‍ നിന്ന് കാണാതായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പലതിനും തുമ്പ് കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അന്തര്‍സംസ്ഥാന ഭിക്ഷാടന മാഫിയക്ക് ഏറ്റവും വേരോട്ടമുള്ള മണ്ണാണ് കേരളമെന്ന് നേരത്തെ തന്നെ മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു.

English summary
kerala life against child missing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്