ഭാഗ്യദേവത അനുഗ്രഹിച്ചത് ബീഹാർ സ്വദേശിയെ; അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം നിർമാണത്തൊഴിലാളിക്ക്
മലപ്പുറം: പൂർണമായും ഭാഗ്യത്തിന്റെ കളിയാണ് ലോട്ടറി. ചിലപ്പോൾ കണ്ണടച്ചുതുറക്കുന്ന നേരം മതി കോടീശ്വരനോ കോടീശ്വരിയോ ആകാൻ. എന്നാൽ എപ്പോഴാണ്, എങ്ങനെയാണ്, ആരെയാണ് ആ ഭാഗ്യം തേടിയെത്തുക എന്ന് പറയാൻ സാധിക്കില്ല. എന്നെങ്കിലും ഒരിക്കൽ ഭാഗ്യം തേടിയെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ് പലരും ലോട്ടറി എടുക്കുന്നത്.
തങ്ങളുടെ ദുരിതങ്ങളൊക്കെ തീർക്കാൻ ഭാഗ്യദേവത കനിയുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്ന എത്രയോ ആളുകളുണ്ട്. അങ്ങനെ എന്നെങ്കിലും ഒരു ദിവസം തന്നെ തേടി ഭാഗ്യം എത്തുമെന്ന പ്രതീക്ഷയിൽ ലോട്ടറി എടുത്തിരുന്ന ആളാണ് ശംസുലും. കഴിഞ്ഞദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് നിർമാണത്തൊഴിലാളിയായ ശംസുലാണ്. ബീഹാർ സ്വദേശിയാണ് ഇദ്ദേഹം.

ഉപജീവനം മാർഗം തേടി അഞ്ച് വർഷം മുമ്പാണ് ശംസുൽ കേരളത്തിലേക്ക് എത്തുന്നത്. ഇദ്ദേഹം എരമമംഗലത്ത് നിർമ്മാണ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളൊന്നുമില്ല ഇദ്ദേഹത്തിന്. തന്റെ നാട്ടിൽ സ്വന്തമായി കുറച്ച് സ്ഥലം വാങ്ങണം, ഒരു വീട് വെയ്ക്കണം. തന്റെ ആഗ്രഹത്തെക്കുറിച്ച് ശംസുൽ പറഞ്ഞു. 70 ലക്ഷം രൂപയാണ് സമ്മാനമായി അടിച്ചത്.
ടിക്കറ്റ് പഞ്ചാബ് നാഷനൽ ബാങ്കിന്റെ എരമംഗലം ശാഖയിലെ മാനേജർക്ക് കൈമാറി. ഷാജി കുനിയത്തിന്റെ ഉടമസ്ഥയിൽ എരമംഗലത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലോട്ടറിയിൽ നിന്നാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് ശംസുൽ വാങ്ങിയത്. എന്തായാലും ശംസുലും ഇപ്പോൾ ഹാപ്പിയാണ്












Click it and Unblock the Notifications