കേരളത്തിൽ കാലവർഷം ഉടനെത്തും: ആറിടത്ത് ഓറഞ്ച് അലേർട്ട്, നാളെ കണ്ണൂരും കാസർകോടും റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. അടുത്ത ഏഴ് ദിവസം പടിഞ്ഞാറൻ/വടക്കുപടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകുമെന്നും പ്രവചിക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിൽ, വടക്കൻ കർണാടക-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായ ന്യൂനമർദ്ദമായി മാറി. ഇത് വടക്കോട്ട് നീങ്ങി, അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.
മേയ് 27-ഓടെ മധ്യ പടിഞ്ഞാറൻ-വടക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. മേയ് 24 മുതൽ 26 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്കും, മേയ് 23 മുതൽ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഴ മുന്നറിയിപ്പില്‍ മാറ്റവുമുണ്ട്. കേരളത്തിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ (മേയ് 24) റെഡ് അലർട്ടും, മറ്റന്നാൾ (മേയ് 25) മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മുതൽ തീവ്രമഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/05/2025) രാവിലെ 08.30 വരെ 0.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കേരള തീരത്ത് നാളെ (24/05/2025) രാത്രി 08.30 വരെ കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) കാസർഗോഡ്(കുന്നത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിൽ 2.1 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
കന്യാകുമാരി തീരത്ത് നാളെ (24/05/2025) രാവിലെ 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.












Click it and Unblock the Notifications