മലപ്പുറം ജില്ല വിഭജിക്കണം എന്ന് കേരള മുസ്ലിം ജമാഅത്ത്; എംഎല്‍എക്ക് പിന്നാലെ ആവശ്യം ശക്തമാകുന്നു
കോട്ടക്കല്‍: മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഇക്കാര്യം ആവശ്യപ്പെട്ടു. 47 ലക്ഷത്തോളം വരുന്ന മലപ്പുറത്തെ ജനങ്ങള്‍ക്ക് പരിമിതമായ സൗകര്യങ്ങളാണുള്ളത് എന്ന് നേതാക്കള്‍ പറയുന്നു. ജില്ല വിഭജിച്ചാല്‍ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അഭിപ്രായപ്പെട്ടു.
കേരളത്തിലെ പല ജില്ലകളിലും എട്ട് ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ജനസംഖ്യ. ഇതിന്റെ നാലിരട്ടി വരും മലപ്പുറത്തെ ജനങ്ങള്‍. പ്രവാസികളുടെ എണ്ണം കൂടി ചേര്‍ക്കുമ്പോള്‍ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അതുകൊണ്ടുതന്നെ ഫണ്ട് വിനിയോഗം കാര്യക്ഷമമാകുന്നില്ലെന്ന് ജില്ലാ വിഭജനം ആവശ്യപ്പെടുന്ന എല്ലാവരും അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ പല ഭാഗങ്ങളിലും പുതിയ ജില്ലകള്‍ക്ക് ആവശ്യമുണ്ട്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല വേണം എന്ന് ഏറെകാലമായുള്ള ആവശ്യമാണ്. തിരുവനന്തപുരം ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കണം എന്നും ആവശ്യമുണ്ട്. വിഭവങ്ങളുടെ നേട്ടങ്ങള്‍ എല്ലാ ജനങ്ങളിലേക്കും എത്തുന്നില്ല എന്ന ആക്ഷേപമാണ് എല്ലായിടത്തും.
മലപ്പുറത്ത് വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുതിയ ജില്ലയ്ക്ക്. തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം എന്നാണ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ആവശ്യപ്പെട്ടത്. ജില്ല വിഭജിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനം എടുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് പ്രവേശനം സാധ്യമായതോടെ ഇതിനുള്ള നീക്കം അന്‍വര്‍ സജീവമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയ ജില്ലയ്ക്ക് വേണ്ടി പ്രമേയം പാസാക്കിയിരുന്നു. എസ്ഡിപിഐ പ്രധാന അജണ്ടയായി ആവശ്യം ഉന്നയിച്ച് പ്രചാരണം നടത്തിയിരുന്നു. വിവിധ സമരങ്ങളുടെ ഭാഗമായി അവര്‍ ജില്ലാ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. 47 ലക്ഷം പേര്‍ക്ക് ലഭിക്കാവുന്ന സൗകര്യങ്ങള്‍ മലപ്പുറം ജില്ലയില്‍ ഇല്ല എന്നതാണ് ഈ ആവശ്യം ഉന്നയിക്കുന്ന എല്ലാവരും മുന്നോട്ട് വെക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത് കേരള യാത്ര ആരംഭിക്കാന്‍ പോകുകയാണ്. ഇതിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വേളയിലാണ് മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല കൂടി രൂപീകരിക്കണം എന്ന ആവശ്യം ശക്തമായിരിക്കുന്നത്. തിരൂര്‍ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രിയും സബ് കളക്ടര്‍, ആര്‍ഡിഒ, വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്.












Click it and Unblock the Notifications