2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവേശം വോട്ടിങ് ശതമാനത്തിലും പ്രകടമാണ്. കനത്ത പോളിങ് ആണ് നടക്കുന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് മലബാറില്‍ പുരോഗമിക്കവെ ഒരു തിരിഞ്ഞുനോട്ടമാണിവിടെ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കായിരുന്നു. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ജയിച്ചത് ആര്. കോര്‍പറേഷനും ജില്ലാ പഞ്ചായത്തുകളും പിടിച്ചത് ഏത് മുന്നണിയായിയരുന്നു. ഇത്തവണ മികച്ച വിജയം നേടുമെന്ന് പ്രധാന കക്ഷികള്‍ അവകാശപ്പെടുമ്പോള്‍ 2015ലെ ഫലം എങ്ങനെ ആയിരുന്നു എന്ന് അറിയണ്ടേ. വിശദീകരിക്കാം....

ഗ്രാമ പഞ്ചായത്തുകളില്‍ തിളങ്ങിയത്
941 ഗ്രാമ പഞ്ചായത്തുകളില്‍ 549 ല്‍ വിജയിച്ച് എല്‍ഡിഎഫ് ആണ് മുന്നിട്ടിരുന്നത്. 365 പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചു. എന്‍ഡിഎക്ക് 14ഉം മറ്റുള്ളവര്‍ 13ഉം നേടി. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 7623 എണ്ണം എല്‍ഡിഎഫിനൊപ്പമായിരുന്നു. 6324 വാര്‍ഡുകളില്‍ യുഡിഎഫും 933 എണ്ണത്തില്‍ എന്‍ഡിഎയും 1078 വാര്‍ഡുകളില്‍ മറ്റുള്ളവരും ജയിച്ചു.

ബ്ലോക്കിലും എല്‍ഡിഎഫ്
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90 എണ്ണം എല്‍ഡിഎഫ് നേടി. 61 എണ്ണം യുഡിഎഫും കൈവശപ്പെടുത്തി. എന്‍ഡിഎക്ക് ഒന്ന് പോലും കിട്ടിയില്ല. മറ്റുള്ളവരുടെ ഗണത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്തുണ്ട്. 1088 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളാണ് എല്‍ഡിഎഫ് നേടിയത്. 917ല്‍ യുഡിഎഫ് വിജയിച്ചു. എന്‍ഡിഎക്ക് 21 വാര്‍ഡുകള്‍ കിട്ടി. മറ്റുള്ളവര്‍ക്ക് 53 വാര്‍ഡുകളും ലഭിച്ചു.

ജില്ലകള്‍ തുല്യം
ജില്ലാ പഞ്ചായത്ത് തുല്യമായി നേടുകയായിരുന്നു എല്‍ഡിഎഫും യുഡിഎഫും. ഏഴ് വീതം ഇരുവരും കൈവശപ്പെടുത്തി. 170 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ഡിഎഫും 145 വാര്‍ഡുകള്‍ യുഡിഎഫിനും ലഭിച്ചു. മൂന്ന് വാര്‍ഡുകള്‍ എന്‍ഡിഎക്കും നാല് വാര്‍ഡുകള്‍ മറ്റുള്ളവര്‍ക്കും കിട്ടി. ഇത്തവണ കൂടുതല്‍ ജില്ലകള്‍ പിടിക്കുമെന്നാണ് പ്രബല മുന്നണികളുടെ വാദം.

മുന്‍സിപ്പാലിറ്റി വാര്‍ഡുകള്‍ പിടിച്ച് യുഡിഎഫ്
87 മുന്‍സിപ്പാലിറ്റികളില്‍ 44 എണ്ണം നേടിയത് എല്‍ഡിഎഫ് ആയിരുന്നു. 41 എണ്ണം യുഡിഎഫും നേടി. എന്‍ഡിഎക്ക് ഒരു മുന്‍സിപ്പാലിറ്റി ലഭിച്ചു. 1263 മുന്‍സിപ്പല്‍ ഡിവിഷനുകളില്‍ ജയിച്ചത് എല്‍ഡിഎഫ് ആണ്. എന്നാല്‍ 1318 ഡിവിഷനുകള്‍ ലഭിച്ചത് യുഡിഎഫിനാണ്. എന്‍ഡിഎക്ക് 236 ഉം മറ്റുള്ളവര്‍ക്ക് 259ഉം ഡിവിഷനുകള്‍ ലഭിച്ചു.

കോര്‍പറേഷന്‍ എല്‍ഡിഎഫിനൊപ്പം
ആറ് കോര്‍പറേഷനില്‍ നാലും പിടിച്ചത് എല്‍ഡിഎഫ് ആയിരുന്നു. രണ്ടെണ്ണം യുഡിഎഫിനു കിട്ടി. 196 കോര്‍പറേഷന്‍ ഡിവിഷനുകള്‍ എല്‍ഡിഎഫിനും 143 എണ്ണം യുഡിഎഫിനും കിട്ടി. എന്‍ഡിഎക്ക് 51 ഡിവിഷനുകള്‍ ലഭിച്ചു. മറ്റുള്ളവര്‍ക്ക് 24ഉം കിട്ടി. കോര്‍പറേഷനുകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഇത്തവണ തിരുവനന്തപുരമാണ്.


ആര് പിടിക്കും തലസ്ഥാനം
തിരുവനന്തപുരം കോര്‍പറേഷന്‍ ഇത്തവണ ബിജെപി പിടിക്കുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ തവണ യുഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ എല്‍ഡിഎഫിനെയും പിന്നിലാക്കുമെന്നാണ് ബിജെപിയുടെ വാദം. പ്രമുഖരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇത് തടയാന്‍ എല്ലാ ശ്രമങ്ങളും സിപിഎം നടത്തിയിട്ടുണ്ട്.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ