സംസ്ഥാനത്ത് കുട്ടികളില്‍ ആത്മഹത്യ കൂടുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്; കാരണങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ ആത്മഹത്യ നിരക്ക് കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് കുട്ടികളില്‍ ആത്മഹത്യ വര്‍ദ്ധിച്ചതെന്ന് പൊലീസ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്കുള്ള പ്രധാന കാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണെന്ന് സര്‍ക്കാരിന് പൊലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് 2019ല്‍ 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 133 പെണ്‍കുട്ടികളും 97 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 2020ല്‍ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. അവരില്‍ 142 ആണ്‍കുട്ടികളും 169 പെണ്‍കുട്ടികളുമാണ്. 2021 ആയപ്പോള്‍ ആത്മഹത്യ നിരക്ക് വീണ്ടും കൂടി. 345 പേരാണ് 2021ല്‍ ആത്മഹത്യ ചെയ്തത്. 168 ആണ്‍കുട്ടികളും 177 പെണ്‍കുട്ടികളും ഇതില്‍പ്പെടും.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കുട്ടികള്‍ വീടുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടതോടെയാണ് ആത്മഹത്യ നിരക്ക് വര്‍ദ്ധിച്ചത്. പുറത്തേക്ക് പോകാതെ വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ അതു വഴി വീട്ടുകാരുമായുള്ള തര്‍ക്കം എന്നിവയെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളാണ്. പരീക്ഷ തോല്‍വി , ഓണ്‍ ലൈന്‍ ഗെയിമുകള്‍, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം , വയനാട് ജില്ലകളിലാണ്. കൊവിഡ് നിയന്ത്രങ്ങള്‍ മാറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ ആത്മഹത്യ ബോധവത്ക്കണവും കൗണ്‍സിലുമെല്ലാം ആരംഭിക്കണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ . പാഠ്യഭാഗങ്ങളിലും ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.
അതേസമയം, പഠനം നടത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില വീടുകളില്‍ രക്ഷിതാക്കളെ കണ്ട് കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ കുടുംബത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവര്‍ കൃത്യമായി തുറന്നുപറയുന്നില്ല. കരുത്തുറ്റ കുടുംബബന്ധങ്ങളാണ് എന്നും കേരളം മേന്മയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ നമ്മുടെ വീടുകളിലെ സ്ഥിതി ആശങ്ക ഉണ്ടാക്കുന്നതാണെന്നും കുട്ടികള്‍ക്ക് വലിയ കരുതല്‍ വേണമെന്നും ഓര്‍മ്മപ്പെടുത്തുന്നതാണ് പൊലീസിന്റെ പഠനം.












Click it and Unblock the Notifications