സംസ്ഥാനത്ത് 5 നദികളിൽ മിന്നൽ പ്രളയ സാധ്യതയെന്ന് ജലകമ്മീഷൻ; 7 ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. ഇവിടെ അതിതീവ്ര മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തെക്കൻ കേരളത്തിലായിരുന്നു മഴ ആദ്യം കനത്തിരുന്നത്. ഇപ്പോൾ വടക്കൻ കേരളത്തിലും മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം മഴ കനക്കുന്ന സാഹചര്യത്തിൽ മണിമലയാര്‍, വാമനപുരം, കല്ലട, കരമന,അച്ചന്‍കോവില്‍, പമ്പ എന്നീ നദികളിൽ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്ര ജലകമ്മീഷൻ. നിലവിൽ 7 ഡാമുകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നദികളിൽ പലതിലും അപകടകരമാംവിധം വെള്ളം ഉയരുകയാണ്.മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ജില്ലാ കളക്ടർ നൽകുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. പെരിയാറിന് പുറമെ മൂവാറ്റുപുഴയാറിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലാണെന്നാണ് കളക്ടർ അറിയിക്കുന്നത്.പമ്പയിലും ജലനിരപ്പ് ഉയരുകയാണ്.

അതേസമയം മഴകനത്തതോടെ പല ചെറുഡാമുകളിൽ നിന്നും വെള്ളം തുറന്നുവിടാൻ ആരംഭിച്ചിട്ടുണ്ട്. രാവിലെയോടെ ഇടുക്കി മലങ്കര ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി.120 സെന്റീമീറ്റര്‍ വീതമാണ് ആറ് ഷട്ടറുകളും ഉയർത്തിയത്. 300.03 ഘന അടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും കാരണം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുണ്ടള ജലസംഭരണിയിലെ അധിക ജലം ഘട്ടം ഘട്ടമായി ഉയർത്തും.അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും.

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി.അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. 530 സെന്റിമീറ്ററാണ് ഉയർത്തിയത്.പത്തനംതിട്ടയിൽ കക്കി ഡാമിന്റെ 65.11 %വും പമ്പ ഡാമിന്റെ 35.81 %വും സംഭരണശേഷി നിറഞ്ഞതായി കളക്ടർ അറിയിച്ചു. അച്ചന്‍കോവിലിന്റെ മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്. നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കളക്ടർ അറിയിച്ചു..

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാം നമ്പര്‍ വാല്‍വ് കൂടി രാവിലെ 4.30 ന് തുറന്നിരുന്നു. ഇതിനേത്തുടര്‍ന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു.ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും റവന്യു, പൊലീസ്, പഞ്ചായത്ത്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുളള സാധ്യത മുൻനിർത്തി ഉച്ചയ്ക്ക് 12 ന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആഗസ്റ്റ് ഒന്നിന് 20 സെന്റിമീറ്റർ ഉയർത്തിയിരുന്നു.15 സെന്റീമീറ്റർ കൂടി ഇന്ന് ഉയർത്തും. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.85 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. പാലക്കാട് മീങ്കര ഡാമിന്റെ സ്പിൽവേ ഷട്ടറുകളും ഉയർത്തിയേക്കും. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 156.36 മീറ്ററാണ്.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications