ഇടിവെട്ടി മഴ പെയ്യും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, 75 മില്ലി മീറ്റര്‍ വരെ മഴ..!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് അറിയിച്ചിരുന്നെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഉച്ചക്ക് ശേഷം മഴ ശക്തമാകുമെന്ന് കണ്ടതോടെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാളും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ 51 മില്ലി മീറ്റര്‍ മുതല്‍ 75 മില്ലി മീറ്റര്‍ വരെ മഴ പെയ്‌തേക്കാം എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി നില്‍ക്കുന്ന ചക്രവാതച്ചുഴിയും തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ചക്രവാതച്ചുഴിയും കാരണമായാണ് മഴ ശക്തമാകുന്നത്.
രണ്ട് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടലല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറിത്താമസിക്കണം എന്നും മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം എന്നും അധികൃതര്‍ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലാണ് ഒക്ടോബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
പത്തനംതിട്ടയില്‍ തുലാവര്‍ഷത്തില്‍ ആകെ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ലഭിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ സാധാരണ പെയ്യുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. അതേസമയം കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ 55 ശതമാനം കുറവാണ് ഉണ്ടായത്.












Click it and Unblock the Notifications