ഇന്നും നാളേയും ശക്തമായ മഴക്ക് സാധ്യത; ഇന്ന് യെല്ലോ അലര്‍ട്ട് ഈ ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത അഞ്ച് ദിവസം പൊതുവെ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. നവംബര്‍ 18 മുതല്‍ 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം വടക്കന്‍ ത്രിപുരക്ക് മുകളിലെ ന്യൂനമര്‍ദ്ദം ഇന്ന് ദുര്‍ബലമായേക്കും. എന്നാല്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നുണ്ട് കാറ്റുകള്‍ ശക്തി പ്രാപിക്കുന്നതാണ് മഴയ്ക്ക് കാരണം എന്നാണ് നിഗമനം.
അതേസമയം മഴ ശക്തമാകുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല. കേരള തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനിടെ 'മിദ്ഹിലി' ചുഴലിക്കാറ്റ് വടക്ക് - വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്ത് പ്രവേശിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറില്‍ വടക്ക് - കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂനമര്‍ദമായി ദുര്‍ബലമാകാനാണ് സാധ്യത.












Click it and Unblock the Notifications