മഴ:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത..ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ കോഴിക്കോട് ജില്ലകളിലാണ് അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിലും ഈ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഈ ജില്ലകൾക്കൊപ്പം ശനിയാഴ്ച മലപ്പുറത്തും ഞായറാഴ്ച കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ- വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം ആളുകൾ മാറി താമസിക്കണമെന്നും മകുപ്പ് നിർദ്ദേശിച്ചു.
21 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിലും 23 വരെ കർണാടക തീരത്തും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയിൽ കനത്ത മഴ, വ്യാപക നാശം
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ പലയിടങ്ങളും വെള്ളത്തിനടിയിലായി. പൂനെ, പാൽഘർ, താനെ, റായ്ഗഡ് മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളം കയറിയ മേഖലകളിൽ നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. താനെയിൽ 250 ലധികം കുടുംബങ്ങളേയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.കൊങ്കൺ മേഖലയിലെ നിരവധി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്.
വസിഷ്ഠിനദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ രത്നഗിരി ജില്ലയിലെ ചിപ്ലൂൺ പട്ടണത്തിന്റെ പല ഭാഗങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് റോഡ്,ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.അടുത്ത 34 മണിക്കൂറിനുള്ളിൽ മുംബൈയിൽ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.












Click it and Unblock the Notifications