അതിതീവ്ര മഴ: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച്ച അവധി, പരീക്ഷകളും മാറ്റി
കൊച്ചി: അതിതീവ്ര മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അവധി. കൂടുതല്‍ ജില്ലകളിലായി അവധി പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ കണ്ണൂര്‍ ജില്ലയില്‍ മാത്രമായിരുന്നു അവധി. അതേസമയം കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
അതേസമയം പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. എപിജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും, പലയിടങ്ങളിലായി വെള്ളക്കെട്ട് ഉള്ളതിനാലും, നദിതീരങ്ങളില്‍ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ വെള്ളിയാഴ്ച്ചയും അവധി പ്രഖ്യാപിക്കുകയായിരുന്നു.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമുണ്ടായിരിക്കില്ല. അതേസമയം ജില്ലയിലെ അങ്കണവാടികള്‍ക്ക് അടക്കം ഈ അവധി ബാധകമാണ്.

മാഹിയിലെ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്‍കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കി. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. സ്‌കൂളുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ചുറ്റുമതില്‍, പഴയ ക്ലാസ്മുറികള്‍, എന്നിവ പിടിഎ, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാളെ തന്നെ പരിശോധിക്കുകയും, അടുത്തു പ്രവൃത്തി ദിനം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.
പത്തനംതിട്ടയില്‍ രണ്ടായിരത്തോളം ജനങ്ങള്‍ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാലും, വെള്ളക്കെട്ട് പലയിടത്തും നിലനില്‍ക്കുന്നതിനാല്‍ അവധി പ്രഖ്യാപിക്കുകയാണെന്ന് കളക്ടര്‍ വ്യക്തമാക്കി. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. ജില്ലയിലെ മണിമല, പമ്പാ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണതയുണ്ട്. അധിക മഴയുടെ സാധ്യത നാളെയില്ല എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളയിലെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ കുറയുമെന്ന പ്രതീക്ഷയും കളക്ടര്‍ പ്രസ്താവനയില്‍ പങ്കുവെച്ചു.












Click it and Unblock the Notifications