കേരളത്തില്‍ നേരിയ മഴ തുടരും: സ്കൂള്‍ അവധി നിശ്ചിത ഇടങ്ങളില്‍: ഹിമാചലില്‍ 18 മരണം, 4000 കോടിയുടെ നഷ്ടം
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് ശമനമയെങ്കിലും കേരളത്തില്‍ കാലവർഷം തുടരും. അടുത്ത നാല് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 12-07-2023 മുതൽ 14-07-2023 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നത്തെ സ്കൂള്‍ അവധി
മഴയ്ക്ക് ശമനമുണ്ടായെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും എന്നാൽ ഇവിടങ്ങളിലെ പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് നിലനില്‍ക്കുകയാണ്. മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപനം. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചലില്‍ കനത്ത നാശനഷ്ടം
അതേസമയം, പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. തിങ്കളാഴ്ച ഷിംലയിൽ മണ്ണിടിച്ചിലിൽ നാല് പേർ കൂടി മരിച്ചതോടെ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് ദിവസത്തിനിടെ ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഈ ദിവസങ്ങളില്‍ ഹിമാചൽ പ്രദേശിൽ 4000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു തിങ്കളാഴ്ച പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിയെ വിളിച്ച് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അന്വേഷിക്കുകയും സംസ്ഥാന സർക്കാരിന് പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടേയുള്ള വിനോദ സഞ്ചാരികള്‍ ഹിമാചലിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഷിംല-കൽക്ക റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ട്രാക്ക് തടസ്സപ്പെട്ടതിനാല്‍ ചൊവ്വാഴ്ച വരെ ട്രെയിൻ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി റെയില്‍വേ അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഷിംല-കൽക്ക ദേശീയ പാത ഉൾപ്പെടെ 1,300-ലധികം റോഡുകളെ ബാധിച്ചതായി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications