വിഴിഞ്ഞവും വയനാടും; എയിംസ് അടക്കം സ്ഥിരം പ്രതീക്ഷകള്‍ വേറേയും: ബജറ്റില്‍ 24000 കോടി ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: അടുത്തമാസം ആദ്യം അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര ബജറ്റില്‍ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കല്‍, മാന്ദ്യത്തില്‍ നിന്ന് കരകയറല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ അത് ഉപാധിരഹിതമായിരിക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വെച്ചിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. കടമെടുപ്പ് പരിധി വെട്ടിച്ചുരിക്കിയതുമായി ബന്ധപ്പെട്ട് കോടതി വരെ നീണ്ട തർക്കങ്ങള്‍ക്ക് ഒടുവിലുമാണ് ബജറ്റ് വരുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു.

എയിംസ് അടക്കമുള്ള മറ്റ് സ്ഥിരം പ്രതീക്ഷകളില്‍ ഇത്തവണയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാകുമോയെന്നാണ് സംസ്ഥാന ഉറ്റുനോക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കഴിഞ്ഞ ഓഗസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നുമായിരുന്നു നദ്ദ രാജ്യസഭയില്‍ അറിയിച്ചത്.
സില്‍വർ ലൈനുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുകൂലമായ നിലപാട് ബജറ്റില്‍ ഭരണ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷവും സംസ്ഥാന ബി ജെ പി നേതൃത്വവും എതിരായതിനാല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമോയെന്നത് കണ്ടറിയേണ്ടതാണ്. അങ്കമാലി-ശബരി, തലശ്ശേരി-മൈസുര്‍ റെയിൽ പാതകൾ തുടങ്ങിയവയിലെല്ലാം പരിഗണനകൾ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം, പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെ ആരംഭിക്കും. ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ തീയതികളിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കും. 31 ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാം ഭാഗം മാർച്ച് 10ന് ആരംഭിച്ച് ഏപ്രിൽ നാലിന് അവസാനിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനുവരി 30ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications