കോഴിക്കോട് വീണ്ടും നാലുവരിപ്പാത! മാനാഞ്ചിറ-മലാപ്പറമ്പ് നാലുവരി പാത അടുത്ത മാസം?
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി മാനാഞ്ചിറ - മലാപ്പറമ്പ് നാലുവരി പാത വരുന്നു. നാലാഴ്ച കൊണ്ട് നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നാലുവരി പാത പൂര്‍ത്തിയായാല്‍ കോഴിക്കോട് നഗരത്തിലെ ഗതാഗതത്തില്‍ സമഗ്രമായ മാറ്റം വരും എന്ന പ്രതീക്ഷയില്‍ ആണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍.
റോഡിനോട് ചേര്‍ന്നുള്ള ഓടയുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാകും. നിലവില്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ നീക്കുന്നതും ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതും മരങ്ങള്‍ മുറിച്ചു നീക്കുന്നതും കേബിളുകള്‍ മാറ്റുന്നതും അടക്കമുള്ള ജോലികള്‍ പുരോഗമിക്കുന്നുണ്ട്. റോഡിന് കുറുകേയുള്ള ഡക്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും പ്രവര്‍ത്തനം നടക്കുന്നുണ്ട്.

മിക്ക ഭാഗത്തും മണ്ണ് നിരത്താന്‍ തുടങ്ങിയതോടെ മലാപ്പറമ്പ് ഭാഗത്ത്, റോഡ് വീതി കൂട്ടി നിര്‍മിക്കുന്നതിന് വേണ്ട പ്രാരംഭ ജോലികളും ആരംഭിച്ചു. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിംഗ് ആരംഭിക്കും. ജനുവരി ആദ്യം തന്നെ ടാറിങ് തുടങ്ങാനാകും എന്നാണ് പ്രതീക്ഷ. ഇതോടെ ഇവിടെ ഗതാഗത തടസം നേരിട്ടേക്കാം. ഇത് മുന്നില്‍ക്കണ്ട് ഗതാഗത നിയന്ത്രണം ട്രാഫിക് പൊലീസുമായി ഏകോപിപ്പിക്കും.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് മാനാഞ്ചിറ - മലാപ്പറമ്പ് നാലുവരി പാത നിര്‍മാണ ചുമതല. മിഡ്ലാന്‍ഡ് ആണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 24 മീറ്റര്‍ വീതിയില്‍, 5.320 കിലോമീറ്റര്‍ നീളത്തിലായിരിക്കും നാലുവരി പാത വരിക. ഈ റോഡിന് 76.90 കോടി രൂപയാണ് അടങ്കല്‍ തുക. രണ്ട് വരിയില്‍ ഗതാഗതം സാധ്യമാക്കി 8.5 മീറ്റര്‍ വീതിയാണ് റോഡിന്റെ ഒരു ഭാഗത്ത് ഉണ്ടാകുക.
രണ്ട് മീറ്റര്‍ വീതിയില്‍ മീഡിയനും ഇരുവശത്തും 2 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടായിരിക്കും. രണ്ട് വശത്തും റോഡരികില്‍ അര മീറ്റര്‍ മണ്ണിട്ട് നിരപ്പാക്കിയിടും. നടപ്പാതയ്ക്ക് അടിയില്‍ ഓടയും കേബിളുകള്‍ക്കും പൈപ്പുകള്‍ക്കുമായി യൂട്ടിലിറ്റി ഡക്റ്റും ഉണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിനൊപ്പം മഴക്കാലത്തെ രൂക്ഷമായ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നും കേബിളും പൈപ്പുമിടാന്‍ പാത മുറിക്കേണ്ട സാഹചര്യം പൂര്‍ണമായി ഒഴിവാകുമെന്നും പി ഡബ്ല്യു ഡി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
നാലുവരി പാതയില്‍ സി എസ് ഐ, സി എച്ച് ഫ്ൈള ഓവര്‍, മാവൂര്‍ റോഡ്, വൈ എം സി എ ക്രോസ് റോഡ്, ക്രിസ്ത്യന്‍ കോളജ്, മനോരമ ജംഗ്ഷന്‍, നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് എന്നിവിടങ്ങളില്‍ ട്രാഫിക് ജംഗ്ഷനുകള്‍ ഉണ്ടായിരിക്കും. എരഞ്ഞിപ്പാലം, ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലേത് വലിയ ജംഗ്ഷനായിരിക്കും.












Click it and Unblock the Notifications