ജെനോം സ്വീക്വന്‍സിംഗില്‍ ഫോക്കസുമായി കേരളം, ഒമൈക്രോണിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ആദ്യ ഒമൈക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കനത്ത ജാഗ്രതയാണ്. കൊവിഡ് കേസുകള്‍ ഇപ്പോഴും കുറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ഒമൈക്രോണിനെ കൂടി നിയന്ത്രിക്കേണ്ടതുണ്ട് സംസ്ഥാനത്തിന്. കേരളത്തിലെ സുപ്രധാന ലാബായ തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ജെനോം സ്വീക്വന്‍സിംഗിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ വേഗത്തില്‍ സാമ്പിളുകള്‍ പരിശോധിച്ച് രോഗസാന്നിധ്യം ഉറപ്പിക്കാന്‍ സാധിക്കും. മുപ്പതോളം സാമ്പിളുകളിലാണ് ജെനോം സ്വീക്വന്‍സിംഗ് നടത്തുന്നത്. ആദ്യ ഒമൈക്രോണ്‍ കേസിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള നാല് കേസുകളാണ് ഇവിടേക്ക് എത്തിയത്.

കേരളത്തിലെ പല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നായി 25ഓളം സാമ്പിളുകള്‍ ജെനോം സ്വീക്വന്‍സിംഗിനായി ലഭിച്ചിട്ടുണ്ടെന്ന് ലാബിന്റെ ചുമതലയുള്ള ആരോഗ്യ വിദഗ്ധന്‍ ഡോ രാധാകൃഷ്ണന്‍ പറയുന്നു. കൊവിഡ് പോസിറ്റീവായവരുടെ സാമ്പിളുകളാണ് ഇത്തരത്തില്‍ അയക്കുന്നത്. ഇതിലൂടെ പുതിയ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയാണിത്. ബ്രിട്ടനില്‍ നിന്ന് വന്ന വ്യക്തിക്കാണ് കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ പന്ത്രണ്ടിനാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 72 മണിക്കൂര്‍ പരമാവധി എടുത്താണ് ജെനോം സീക്വന്‍സിംഗ് പരമാവധി പൂര്‍ത്തിയാക്കുക.
ബയോണ്‍ഫോര്‍മാറ്റിക് വിവരമടക്കം 72 മണിക്കൂര്‍ കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കൂടിയെടുക്കും. ഒരു ദിവസം മൂവായിരം സാമ്പിള്‍ വരെ ജെനോം സ്വീക്വന്‍സിംഗ് പരമാവധി നടത്താന്‍ സാധിക്കുമെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ആദ്യ കേസ് സ്ഥിരീകരിക്കുമ്പോള്‍ തങ്ങളുടെ കൈവശം ജെനോം സ്വീക്വന്‍സിംഗിനായി ആകെയുള്ളത് എട്ട് സാമ്പിളുകള്‍ മാത്രമായിരുന്നു. ഒരു ഫ്‌ളോ സെല്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അങ്ങനെ മൊത്തത്തില്‍ 96 സാമ്പിളുകള്‍ വരെ പരിശോധിക്കും. ഓരോ ഫ്‌ളോ സെല്ലിനും 1.2 ലക്ഷത്തോളം വില വരുമെന്ന് ഡോ രാധാകൃഷ്ണന്‍ പറയുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തനമെന്നതാണ് ലാബിന്റെ രീതി. മാര്‍ച്ച് മുതല്‍ ഓഫ് പോലും എടുക്കാതെയാണ് ലാബധികൃതര്‍ പ്രവര്‍ത്തിക്കുന്നത്.
ഒമൈക്രോണ്‍ വന്നതോടെ ഇവിടെയുള്ള തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. തീവ്രവ്യാപന ശേഷിയുള്ളതിനാല്‍ ഈ വൈറസിന്റെ സ്വഭാവം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതൊരു ദേശീയ അടിയന്തരാവസ്ഥയാണ്. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒമൈക്രോണിന് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. മറ്റ് വേരിയന്റുകള്‍ ഉണ്ടോ എന്നും പരിശോധിക്കണം. അതിനാണ് പ്രാധാന്യമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ ജെനോം സ്വീക്വന്‍സിംഗ് ഫലം വരാന്‍ ഒരുപാട് സമയമെടുക്കുന്നുവെന്ന ആരോപണത്തെയും രാധാകൃഷ്ണന്‍ തള്ളി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന മെഷീന്‍ വളരെ വേഗത്തിലുള്ളതാണ്. അന്താരാഷ്ട്ര നിലവാരം തന്നെ അതിനുണ്ട്. യുഎസ്സില്‍ ഉപയോഗിക്കുന്ന അതേ സിസ്റ്റം തന്നെയാണിത്. ഇതിനേക്കാള്‍ വേഗത്തില്‍ ഒരു മെഷീനും ലോകത്തെവിടെയും ജെനോം സ്വീക്വന്‍സിംഗ് ഫലം തരാനാവില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications