SSLC Result: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: സംസ്ഥാനത്ത് ഇത്തവണ 99.70 ശതമാനം വിജയം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയ ശതമാനം. ആകെ 417864 വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 68804 വിദ്യാർത്ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 44363 ആയിരുന്നു. വിജയശതമാനത്തില്‍ ഇത്തവണ 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ് (4856). മലപ്പുറം എടരിക്കോട് സ്കൂളില്‍ പരീക്ഷയെഴുതിയ 1876 വിദ്യാർത്ഥികളും വിജയം കരസ്ഥമാക്കി.
കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല (99.94 ശതമാനം). കുറവ് വയനാട് ജില്ലയിലാണ് (98.41 ശതമാനം). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായും മൂവാറ്റുപുഴയുമാണ്. ഇവിടെ നൂറ് ശതമാനം പേരും വിജയം കരസ്ഥമാക്കി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2581 വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം കൊയ്തു. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു. വർധനവ് 447. വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെയുള്ള തിയതികളില്‍ നടക്കും. ജൂൺ അവസാനം പരീക്ഷാഫലം പ്രഖ്യാപിക്കും.
സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി എന്നീ പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളേയും പരീക്ഷയ്ക്കും മേല്‍നോട്ടം വഹിച്ച അധ്യാപകരേയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. എസ് എസ് എല്‍ സി(എച്ച്.ഐ)റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി എച്ച് എസ് എല്‍ സി(എച്ച്.ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ എച്ച് എസ് എല്‍ സി റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും.

4,19,128 റെഗുലർ വിദ്യാർഥികളും195 പ്രൈവറ്റ് വിദ്യാർഥികളുമായിരുന്നു ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെയായിരുന്നു മൂല്യനിർണ്ണയം.
അതേസമയം, പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എസ് എസ് എല്‍ സി, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുന്‍കാല വര്‍ഷങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ശാസ്ത്രീയമായ രീതിയിലല്ല നല്‍കിയതെന്നും ഇത്തവണ മുതല്‍ ഗ്രേസ് മാര്‍ക്ക് സംവിധാനത്തില്‍ ക്രമീകരണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് കാരണം സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.












Click it and Unblock the Notifications