Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ മുഖത്തേക്ക് ചാണകം വാരിയെറിയുന്നത് എന്തിന് നോക്കി നിൽക്കണം'; തുറന്നടിച്ച് ഷിംന അസീസ്

കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ ഡോ ഷിംന അസീസ്. ഒരു സംസ്ഥാനത്തിന്റെ പേര് ആവർത്തിച്ച്‌ എടുത്ത് പറഞ്ഞ്, രാഷ്ട്രീയ-വർഗീയധ്രുവീകരണ ലക്ഷ്യങ്ങളോടെ ഇറങ്ങുന്ന ഈ വെറുപ്പ് പടർത്തൽ സിനിമയുടെ റിലീസിന് എതിരെ കേരള സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലേയെന്ന് അവർ ചോദിച്ചു. ഇത്രയും ഐക്യത്തോടെ, മതസൗഹാർദത്തോടെ, ഭക്ഷണവസ്ത്രസ്വാതന്ത്ര്യങ്ങളോടെ, സൗകര്യങ്ങളോടെ ജീവിക്കുന്ന നമ്മുടെയൊക്കെ മുഖത്തേക്ക് ചാണകം വാരിയെറിയുന്നത് എന്തിനാണ് ഇങ്ങനെ നോക്കി നിൽക്കുന്നതെന്നും കേരള സ്റ്റോറിക്കെതിരെ കേരളം നിൽക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം.

'ദ കേരള സ്റ്റോറി' എന്ന നട്ടാൽ കുരുക്കാത്ത നുണകളുടെ പേമാരി, വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഛർദ്ദിൽ സ്‌ക്രീനിൽ ഒഴുകുന്നത് ഇന്ന് വരെ ട്രെയിലറിന് അപ്പുറം കണ്ടിട്ടില്ല. ആ വഷളൻ സിനിമയെ കുറിച്ച് നോർത്തിൽ നിന്ന് യഥേഷ്ടം ചോദ്യങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്. മുപ്പത്തിനായിരത്തിലധികം ഹിന്ദു പെൺകുട്ടികളെ ബലമായി പിടികൂടിക്കൊണ്ട് പോയി മുസ്ലിങ്ങൾ ആക്കിയത് കേരളത്തിൽ എവിടെ നിന്നാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലപ്പോഴായി ചോദിച്ചതിന് ഐടി സെൽ വിതരണം ചെയ്യുന്നത് നക്കിത്തിന്ന് ജീവിക്കുന്ന വെട്ടുക്കിളിക്കൂട്ടം കുറേ അസഭ്യം പറഞ്ഞ് 'ഹോയ് ഹോയ്' വിളിച്ചു പോയതല്ലാതെ എനിക്കൊരു കൃത്യമായ മറുപടി കിട്ടിയിട്ടുമില്ല. ഉള്ള കാര്യങ്ങളല്ലേ പറയാൻ പറ്റൂ...

keralastory2-

എന്റെ വസ്ത്രധാരണവും പേരും പെരുമാറ്റവും ബിഹാരിയുടെ മനസിലെ മുസ്ലിം സ്റ്റീരിയോടൈപ്പിന് ചേരാത്തത് കൊണ്ട് ബിഹാറിൽ ആദ്യമായി ചെന്ന കാലത്ത് എന്റെ നാട് കേരളമാണ് എന്ന് കേട്ടാൽ നാലിലൊന്ന് ആളുകളും ചോദിച്ചിരുന്നു - "നിങ്ങളുടെ അവിടത്തെ ജീവിതം വല്യ കഷ്ടപ്പാടായിരിക്കുമല്ലേ?" എന്ന്. അന്നൊന്നും എനിക്ക് അതിനുള്ള മറുപടി പറയാനുള്ളത്ര ഹിന്ദി സംസാരിക്കാൻ അറിയാത്തത് കൊണ്ട് പല ചോദ്യങ്ങളുടെയും മറുപടി പല്ലിറുമ്മി തീർക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ചോദിച്ചാൽ കൃത്യമായി സംയമനത്തോടെ പറയേണ്ടത്‌ പറയാറുണ്ട്.

കേന്ദ്രം ഭരിക്കുന്നവരുടെ പ്രത്യക്ഷ അനുവാദത്തോടെ പലപ്പോഴും പ്രധാനമന്ത്രി അടക്കം എൻഡോഴ്സ് ചെയ്തിറങ്ങിയ, ഒരു കുട്ട ദേശീയ അവാർഡുകൾ വാരിയെടുത്ത് കൊടുത്ത ആ പ്രോപഗണ്ട സിനിമ അങ്ങേയറ്റം ഇല്ലാക്കഥ പറഞ്ഞ് എല്ലാ ഇന്റിക്കേറ്ററിലും സംഘം ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ കാതങ്ങളോളം മുന്നിൽ നിൽക്കുന്ന കേരളത്തെ മനഃപൂർവ്വം താറടിച്ചു കാണിക്കുന്നതായിരുന്നു.

ഇന്നലെ കേരള സ്റ്റോറി 2 ട്രെയിലർ കണ്ടു. കേരളത്തിൽ നിന്നുള്ള പെൺകുട്ടി എന്ന് ചിത്രീകരിച്ചിരിക്കുന്ന പെൺകുട്ടിയെയാണ് കുട്ടിക്കാലത്ത് പനി വരുമ്പോൾ ഉമ്മച്ചി എന്നെ പാരസെറ്റമോൾ സിറപ്പ് ബലമായി കുടിപ്പിച്ചിരുന്നത് പോലെ മലർത്തി കിടത്തി മൂക്ക് പിടിച്ചു ബീഫ് വായിലേക്ക് തിരുകി തീറ്റിക്കുന്നത്.
ഏത് മലയാളിപെണ്ണാണ്‌ 'പട്ടിണി കിടന്ന് മരിച്ചാലും ബീഫ് കഴിക്കൂല' എന്നൊക്കെ പറയുക! എന്ത് അസംബന്ധമാണ് ആ സ്ക്രിപ്‌റ്റ്!! ആരെയാണിവിടെ നിർബന്ധിച്ച്‌ ഇഷ്‌ടമില്ലാത്തത്‌ കഴിപ്പിച്ചിട്ടുള്ളത്‌? ഇഷ്‌ടമുള്ളത്‌ കഴിക്കാനും ചിന്തിക്കാനും ധരിക്കാനും യാത്ര ചെയ്യാനും നമ്മുടെ സംസ്‌ഥാനം പോലെ സ്വാതന്ത്ര്യമുള്ളയിടങ്ങൾ നമ്മുടെ രാജ്യത്ത്‌ അപൂർവ്വമാണ്‌. ഇതൊക്കെ കണ്ടും പഞ്ചപുച്ഛം അടക്കി ഇരിക്കുന്ന കൊമ്പ് വെട്ടാൻ നോക്കുന്നതിനെ കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന മലയാളി സംഘികളെ ഓർക്കുമ്പോഴാണ് സഹതാപം തോന്നുന്നത്. കേരളം നശിച്ചാൽ ആരെയും ഉദ്ധരിക്കാൻ മേൽപ്പറഞ്ഞ സർക്കാർ വരാനൊന്നും പോണില്ല, ബിഹാറിലാണ് ജീവിക്കുന്നത്. ജനങ്ങളുടെ അവസ്ഥ നിത്യം കാണുന്നതാണ്, നേതാക്കളുടെയും.

കേരളത്തിന്റെ പേര്‌ പറഞ്ഞ് ഇറക്കുന്ന കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിൽ മധ്യ പ്രദേശ്, രാജസ്ഥാൻ എന്നൊക്കെ ഒരു മൂലക്ക്‌ എഴുതി കാണിക്കുന്നുണ്ട്. എന്നാലും പേര് തൊട്ടങ്ങോട്ടുള്ള മുഴുവൻ ചീത്തപ്പേര് നമുക്ക് തന്നെയാണ്. ജാതിയും മതവും പറഞ്ഞു ചേരി തിരിഞ്ഞ്‌ തമ്മിൽ തല്ലുന്ന മനുഷ്യരിൽ വലിയ പങ്കും ഇന്നും സ്‌ക്രീനിൽ മാത്രമായി കേരളത്തിൽ ചുരുങ്ങുന്നത് കുറച്ചൊന്നുമല്ല വർഗീയശക്തികളെ പ്രകോപിപ്പിക്കുന്നത് എന്നറിയാൻ സിവിൽ സർവീസ് പാസാവുകയൊന്നും വേണ്ട. ഈ പോസ്റ്റ്‌ ഉൾപ്പെടെ ആ ചാണകസിനിമക്ക് പബ്ലിസിറ്റി ആണെന്ന് നന്നായറിയാം. 'ഏറ്റവും വലിയ പബ്ലിസിറ്റി നെഗറ്റീവ് പബ്ലിസിറ്റി ആണ്‌' എന്ന്‌ ബോധ്യമുള്ളവർ തന്നെയാണ് നമ്മുടെ 'എയിംസ്-മെട്രോ ഒടുവിൽ കടലാമ പ്രചാരകൻ കേന്ദ്രമന്ത്രി' നടന്റെ സിനിമകളിലെ ബിജിഎം വെല്ലുന്ന ഒച്ചയും വിളിയും കണ്ണിൽ കുത്തുന്ന പച്ച ഫോണ്ടുമായി ഇറങ്ങിയിരിക്കുന്നത്. ആ ട്രെയിലറിലെ വിഷ്വൽസ്‌!
മോന്റെ പത്താംക്ലാസ് പരീക്ഷക്ക് വേണ്ടിയെടുത്ത നീണ്ട അവധി കഴിഞ്ഞ് പട്നയിൽ വിമാനം ഇറങ്ങിയാൽ ഇനി നേരിടേണ്ടി വരുന്ന "മീഡിയ- ഫിലിം മേ ആ രഹീ ഹൈ തോ, ആപ്കെ വഹാൻ യേ സബ് സരൂർ ഹോതാ ഹോഗാ" എന്ന പ്രസ്താവന ഉണ്ട്‌! സിനിമയിലും മീഡിയയിലുമൊക്കെ വരുന്നുണ്ടെങ്കിൽ ഇതൊക്കെ കേരളത്തിൽ ഉള്ളത് തന്നെ ആയിരിക്കുമല്ലോ എന്ന് ചുരുക്കം. "ഹോ കേരള സ്റ്റോറി കണ്ടു കണ്ണ് നിറഞ്ഞ് പോയി" എന്ന ഗദ്‌ഗദമൊക്കെ 2023 മുതൽ കേൾക്കുന്നതാണ്. ബൊഹത് അച്ചാ മൂവി ആണ് പോലും. എത്രയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വിഷം നമുക്കെതിരെ പടർന്നിരിക്കുന്നത്, ഡാമേജ് ഉണ്ടായിരിക്കുന്നത്‌.

കേരളത്തിലെ സംഘിയുടെ വിവരം പോലുമില്ലാത്ത ബിഹാരി സംഘിയുടെ വായിൽ നിന്ന് ഈ വിവരക്കേട് കേൾക്കേണ്ടി വരുന്നതും അതിന് ചിരിച്ച് മറുപടി പറയേണ്ടി വരുന്നതും ഇനി കുറച്ച്‌ കാലം നേരിടാൻ പോകുന്ന വെല്ലുവിളിയാണ്. നമ്മുടെ ഇലക്ഷൻ അടുക്കുന്നത്‌ കൊണ്ട്‌ ഇനിയത്‌ കൂടുകയല്ലാതെ കുറയാനും പോണില്ല.
ഒരു സംസ്ഥാനത്തിന്റെ പേര് ആവർത്തിച്ച്‌ എടുത്ത് പറഞ്ഞ്, രാഷ്ട്രീയ-വർഗീയധ്രുവീകരണ ലക്ഷ്യങ്ങളോടെ ഇറങ്ങുന്ന ഈ വെറുപ്പ് പടർത്തൽ സിനിമയുടെ റിലീസിന് എതിരെ കേരള സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലേ? കോടതിയെ സമീപിക്കാനാവില്ലേ? ഇത്രയും ഐക്യത്തോടെ, മതസൗഹാർദത്തോടെ, ഭക്ഷണവസ്ത്രസ്വാതന്ത്ര്യങ്ങളോടെ, സൗകര്യങ്ങളോടെ ജീവിക്കുന്ന നമ്മുടെയൊക്കെ മുഖത്തേക്ക് ചാണകം വാരിയെറിയുന്നത് നമ്മളെന്തിനാ നോക്കി നിൽക്കുന്നത്? എന്താണ് ചെയ്യാനാവുക? നമ്മൾ എന്തിനാണ് ഈ അടിസ്ഥാനരഹിതമായ അപമാനം പേറുന്നത്. ഇതല്ലല്ലോ നമ്മുടെ കേരളത്തിന്റെ റിയൽ സ്റ്റോറി...
കേരള സ്റ്റോറിക്ക് എതിരെ നിൽക്കണം കേരളം.
ഡോ.ഷിംന അസീസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+