ഇന്നും കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിര്‍ദേശം; നാല് ജില്ലകളില്‍ വേനല്‍മഴ
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിനിടയില്‍ സംസ്ഥാനത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത. സംസ്ഥാനത്തെ വിവിധ തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഇന്നും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടായിരിക്കും എന്നും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും പുറപ്പെടുവിച്ച ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് ഇന്നും തുടരും. കള്ളക്കടല്‍ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും ചെയ്തു. അതിനിടെ കൊടുംവേനലില്‍ ആശ്വാസമായി ഇന്ന് മഴ എത്തിയേക്കും. നാല് ജില്ലകളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും ഒടുവിലായുള്ള അറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാനാണ് ഇന്നും സാധ്യത. അതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനായി സുരക്ഷിത അകലം പാലിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നിറിയിപ്പ് നല്‍കി.
'കള്ളക്കടല്‍' പ്രതിഭാസമാണ് തെക്കന്‍ കേരളത്തിലെ തീരങ്ങളില്‍ ഞായറാഴ്ച ഉണ്ടായ അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് ഈ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങുകയും അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുകയും ചെയ്യും.












Click it and Unblock the Notifications