കേരളത്തില്‍ ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ; കൂടുതല്‍ എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ലഭിച്ചത് 85 ശതമാനത്തില്‍ അധികം വേനല്‍ മഴ എന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ ഉള്ള വേനല്‍ മഴക്കാലം അവസാനിച്ചപ്പോഴാണ് സംസ്ഥാനത്ത് 85 ശതമാനത്തില്‍ അധികം മഴ ലഭിച്ചിരിക്കുന്നത്. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഈ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 668.5 മില്ലി മീറ്റര്‍ മഴയാണ്. അതേസമയം കഴിഞ്ഞ തവണത്തേതില്‍ അപേക്ഷിച്ച് ഇത് കുറവാണ്. കഴിഞ്ഞ വര്‍ഷം 108 ശതമാനം (751 മില്ലിമീറ്റര്‍ ) കൂടുതല്‍ മഴ ലഭിച്ചിരുന്നു.

14 ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. 92 ദിവസം നീണ്ട വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 1007.6 മില്ലീ മീറ്റര്‍ മഴയാണ് എറണാകുളം ജില്ലയില്‍ ലഭിച്ചത്. കോട്ടയത്ത് 971.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 944.5 മില്ലി മീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയാണ് തൊട്ടുപിറകില്‍. പാലക്കാട് (396.8 മില്ലീ മീറ്റര്‍), കാസര്‍ഗോഡ് (473 മില്ലീ മീറ്റര്‍) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് മഴ വേനല്‍ കാലത്ത് ലഭിച്ചത്.
അതേസമയം കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ടാണ്. ഇന്നലേയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
എന്തൊരു ലുക്കാണിത്...; മേഘ്‌നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
കേരളത്തിലെമ്പാടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. വ്യാഴാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications