സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലാണ് ഇന്ന് മഴ സാധ്യത കൂടുതലായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ജില്ലകളിൽ ഇതിന്റെ ഭാഗമായി കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകുന്ന യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഒന്നും അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.
ശക്തമായ മഴയ്ക്ക് പുറമേ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഒപ്പം ഇടിമിന്നൽ സാധ്യതയും പറയുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും തുടരുന്നതാണ് കേരളത്തിൽ മഴ പെയ്യാൻ കാരണമാവുന്നത്. അതിതീവ്ര ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. തെക്കൻ രാജസ്ഥാൻ-ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിക്കുന്ന ന്യൂനമർദ്ദം വ്യാഴാഴ്‌ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ശക്തികൂടിയ ന്യൂനമർദ്ദം പശ്ചിമ ബംഗാളിന് മുകളിലുമുണ്ട്.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തി ഇപ്പോഴും അതേപടി നിലനിൽക്കുന്നതും മഴ സാധ്യത ഉയർത്തുന്നു. രണ്ട് ദിവസത്തിനുള്ളിൽ മധ്യ കിഴക്ക-വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇതിനെ തുടർന്ന് കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
നിലവിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. നാളെവരെ കർണാടക തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധത്തിന് ഇവിടെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിൽ അടുത്തിടെ ഉരുൾപൊട്ടൽ വലിയ നാശം വിതച്ച വിലങ്ങാട് മേഖലയിൽ കാന്ത മഴയാണ് പുലർച്ചെ മുതൽ പെയ്‌തത്. ഉരുൾപൊട്ടലിനെ തുടർന്ന് കനത്ത നാശ നഷ്‌ടം ഉണ്ടായ മഞ്ഞച്ചീളി മേഖലയിൽ നിന്ന് ഇരുപതോളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചിരുന്നു. വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്.
ഇന്ന് പുലർച്ചെയോടെയാണ് വിലങ്ങാട് മലയോരത്ത് ആശങ്ക ഉയർത്തിക്കൊണ്ട് അതിശക്തമായ മഴ പെയ്യാൻ തുടങ്ങിയത്. കനത്ത മഴയെ തുടർന്ന് വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലയ്ക്കുകയും ചെയ്‌തു. വന മേഖലയിലും അതിശക്തമായ മഴയാണ് പെയ്‌തത്.












Click it and Unblock the Notifications