പെട്രോളിന് കേരളം ഈടാക്കുന്ന നികുതി 34 രൂപ; 10 രൂപയെങ്കിലും കുറയ്ക്കണം എന്ന് കെ സുരേന്ദ്രന്‍
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന വിലയില്‍ വ്യത്യസ്തമായ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളം ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 10 മുതല്‍ 15 രൂപ വരെ ലിറ്ററിന് നികുതി കുറച്ചിട്ടുണ്ടെന്നും കേരളവും സമാന നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ പറയുന്നു.
കേരളം ഒരു കണ്‍സ്യൂമര്‍ സ്‌റ്റേറ്റാണ്. വിലക്കയറ്റത്തിന് പ്രധാന കാരണം പെട്രോളിയം ഉയല്‍പ്പന്നങ്ങളുടെ വിലയിലെ മാറ്റങ്ങളാണ്. രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. വാറ്റ്, പെട്രോളിയം സെസ്, റോഡ് സെസ് എന്നിവ ചേര്‍ത്ത് 34 രൂപയാണ് ലിറ്ററിന് നികുതിയായി കേരളം ഈടാക്കുന്നത്. ഇത് കുറയ്ക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ആഗോള വിപണി സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും പെട്രോളിയം വില ഉയരുന്നത്. കേന്ദ്ര സര്‍ക്കാരും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ നേരത്തെ തയ്യാറായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍, പിണറായി വിജയന്‍ സര്‍ക്കാര്‍ പെട്രോളിയം നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇപ്പോള്‍ ബിജെപി മുന്നോട്ട് വെക്കുകയാണ്. കേരളം 10 രൂപയെങ്കിലും നികുതി കുറയ്ക്കണം- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ലോകത്ത് എല്ലാ രാജ്യത്തും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമാണ് ഏറ്റവും കുറഞ്ഞ തോതില്‍ ഉയര്‍ന്നത്. ആഗോള സാഹചര്യം മനസിലാക്കാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. പെട്രോളും ഗ്യാസും രാജ്യത്ത് ലഭ്യമാണ്. ആഗോള വിലക്കയറ്റത്തിന് അനുസരിച്ച് ഇന്ത്യയില്‍ വില കൂടിയിട്ടില്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
ലോകരാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ മാത്രമാണ് പിടിച്ചുനിന്നത്. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ എല്ലാ രാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും പുകഴ്ത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ കുറച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, രാജ്യത്തിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ കടം വീട്ടിയെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കി.
രാജ്യത്തിന്റെ കടം കുറച്ചു. സാമ്പത്തിക രംഗം ശക്തിപ്പെടുത്തി. ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇതൊന്നും കണക്കിലെടുക്കാതെയാണ് മറ്റു കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്. ബിജെപിക്ക് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത് നികുതി കുറയ്ക്കണം എന്നാണ്. നേരത്തെ വിഡി സതീശന്‍ ആവശ്യപ്പെട്ട കാര്യമാണിത്. അതേ കാര്യമാണ് ബിജെപി ഇപ്പോള്‍ ആവശ്യപ്പെടുന്നത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.















Click it and Unblock the Notifications