കരിഓയില്‍ കേസ്; ചെന്നിത്തലയുടെ കുരുക്കില്‍പ്പെടാതെ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനുമേല്‍ കരിഓയില്‍ ഒഴിച്ച കെ എസ് യു പ്രവര്‍ത്തകരെ, കേസ് പിന്‍വലിച്ച് രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ സ്വന്തം തടി രക്ഷിക്കുന്നു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ തീരുമാനം ആഭ്യന്തര വകുപ്പില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് പലരും ഊഹിക്കുന്നത്.
കേസ് പിന്‍വലിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശുപാര്‍ശ നല്‍കിയതും ഉമ്മന്‍ചാണ്ടി അംഗീകരിച്ചതും കേശവേന്ദ്രകുമാര്‍ പോലും അറിഞ്ഞിരുന്നില്ല. കേസില്‍ അടുത്തമാസം സര്‍ക്കാരിന് അനുകൂലമായി വിധിവരാനിരിക്കെയാണ് സംഭവം ചോര്ന്നത്. രമേശ് ചെന്നിത്തല അറിയാതെ ഇക്കാര്യം പത്രക്കാര്‍ക്ക് കിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംസാരം.

അടുത്തിടെ കേസ് പിന്‍വലിക്കല്‍ മേളതന്നെ നടത്തി വിവാദത്തിലായ ഉമ്മന്‍ചാണ്ടിക്ക് കരിഓയില്‍ കേസില്‍ കൈപൊള്ളി. കേശവേന്ദ്രകുമാര്‍ നേരിട്ടുതന്നെ തനിക്കെതിരായ അക്രമക്കേസ് പിന്‍വലിച്ചതാല്‍ നേരിടുമെന്ന് അറിയിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി കേസ് പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കേസ് പിന്‍വലിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും കേശവേന്ദ്രകുമാര്‍ കോടതിയെ സമീപിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് വീണ്ടും കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരുമെന്നുറപ്പാണ്. ഇതൊഴിവാക്കാനാണ് ഉമ്മന്‍ചാണ്ടി പ്രതികള്‍ക്കനുകൂലമായ നിലപാടില്‍ നിന്നും പിന്നോക്കം പോയിരിക്കുന്നതെന്നാണ് വിവരം. തനിക്കെതിരെ ആഭ്യന്തര വകുപ്പ് ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ മറികടക്കാനും ഇതുവഴി ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു.












Click it and Unblock the Notifications