കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് നേരെ സദാചാര പോലീസിന്റെ ആക്രമണം
കൊച്ചി: ചുംബന കൂട്ടായ്മ നടത്തും മുമ്പേ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് നേരെ സദാചാര പോലീസിന്റെ ആക്രമണം. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചുംബന കൂട്ടായ്മയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.
കിസ്സ് ഓഫ് ലവിന്റെ വനിത വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഒരു സംഘം ആക്രമിച്ചത്. പോലീസിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും കണ്‍മുന്നില്‍ വച്ചായിരുന്നു 'സദാചാരപോലീസിന്റെ' കയ്യേറ്റം. പോസ്റ്ററുകള്‍ വലിച്ച് കീറുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഘത്തെ പോലീസ് എത്തിയാണ് പിടിച്ച് മാറ്റിയത്.

നവംബര്‍ 2 നാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ചുംബന കൂട്ടായ്മ നടത്തും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരു സംഘത്തിന്റെ ആക്രമണം. ഇതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കിസ്സ് ഓഫ് ലവിന് കൊച്ചി സിറ്റി പോലീസ് കമ്മീഷര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ചില ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കൂട്ടായ്മ നടത്തിയാല്‍ അതിന് നേരേയും ഇതേ രീതിയില്‍ ഉള്ള ആക്രണം ഉണ്ടാകും എന്നും അക്രമി സംഘം മുന്നറിയിപ്പ് നല്‍കി. പോലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് അതിക്രമം നടന്നതെങ്കിലും ആരേയും അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധ പ്രകടനം നടത്തി.












Click it and Unblock the Notifications