കൊച്ചി ഗിഫ്റ്റ് സിറ്റി; ഭൂമി ഏറ്റെടുക്കലിന് കിഫ്ബിയിൽ നിന്നും 850 കോടി രൂപ അനുവദിച്ചു
എറണാകുളം; കൊച്ചി ഗിഫ്റ്റ് സിറ്റിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിന് കിഫ്ബിയിൽ നിന്നും 850 കോടി രൂപ അനുവദിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 43ആമത് ബോർഡ് യോഗത്തിലാണ് ഗിഫ്റ്റ് സിറ്റിക്ക് ധനാനുമതി നൽകിയത്.
എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ സ്ഥിതി ചെയ്യുന്ന 543 ഏക്കർ ഭൂമിയിലാണ് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ഗിഫ്റ്റ് സിറ്റി ഉയരുന്നത്.കേരളത്തിൽ ആരംഭിക്കാൻ പോകുന്ന ഗിഫ്റ്റ് സിറ്റി രാജ്യത്ത് തന്നെ ഈ ഗണത്തിൽ രണ്ടാമത്തെതാണ്.

ഏറ്റവും മെച്ചപ്പെട്ട പാരിസ്ഥിതിക സന്തുലിതാവസ്ഥകൾ നിലനിൽക്കുന്ന വ്യവസായ സമുച്ചയങ്ങളാണ് ഇവിടുണ്ടാവുകയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. . ഗ്ലോബൽ ഇൻ്റസ്ട്രിയൽ ഫിനാൻസ് ആൻ്റ് ട്രേഡ്(ഗിഫ്റ്റ്) സിറ്റി പ്രധാനമായും ബിസിനസ്, ബാങ്കിങ്ങ്, മാർക്കറ്റ്, ഇൻഷുറൻസ്, അക്കൗണ്ടിങ്ങ്, ഓഡിറ്റിങ്ങ്, ഐടി/ഐടിഇഎസ്, ആർ&ഡി, വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ശ്രദ്ധ പുലർത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള കൺവെൻഷൻ സെൻ്ററും ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി ആരംഭിക്കും.
പൂർണമായും പരിസ്ഥിതി സൗഹൃദമായതും മലിനീകരണ മുക്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പൂർത്തിയാക്കാൻ ശ്രമിക്കുന്നതുമായ പദ്ധതി യാഥാർഥ്യമാകുന്നതോടെ ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക, വ്യവസായ കേന്ദ്രമാകുന്നതിനൊപ്പം ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായും കൊച്ചി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഗിഫ്റ്റ് സിറ്റിയിൽ കടന്നുവരുന്ന വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങൾ, സാമ്പത്തിക-ധനകാര്യ സ്ഥാപനങ്ങൾ ഇവയെല്ലാം കേരളത്തിൻ്റെ പുരോഗതിയിൽ വലിയ സംഭാവനയാണ് നൽകുക. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തിലധികമാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ആദ്യ ഘട്ടത്തിൽ 71,000 പേർക്കും രണ്ടാം ഘട്ടത്തിൽ ഒന്നര ലക്ഷം പേർക്കും മൂന്നാം ഘട്ടത്തിൽ 1,89,000 പേർക്കും തൊഴിൽ ലഭിക്കും.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയും നടപ്പാക്കുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററിനായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
328 ഏക്കർ ഭൂമി ഇതിനോടകം ഏറ്റെടുത്തു. ഇതിനൊപ്പമാണ് ഇപ്പോൾ ഗിഫ്റ്റ് സിറ്റിക്കായി 543 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 850 കോടി രൂപയുടെ ധനാനുമതിയും നേടിയത്.
വ്യവസായ ഇടനാഴിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിൽ കണ്ണമ്പ്ര മേഖലക്കായുള്ള പ്രാഥമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിനൊപ്പം ഏകീകൃത ഉത്പാദന ക്ലസ്റ്ററിൻ്റെയും ഗിഫ്റ്റ് സിറ്റിയുടെയും ഭൂമിയിൽ ഉചിതമായ വ്യവസായങ്ങളേതെന്നും ആരംഭിക്കാവുന്ന വ്യവസായങ്ങളുടെ സാധ്യതകളെന്തെന്നുമുള്ള പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിക്കഴിഞ്ഞു. കൊച്ചിയിലേയും കേരളത്തിലേയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും കേരളത്തെ നിക്ഷേപങ്ങളുടെ സൗഹൃദമാക്കുന്നതിനും ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ധനാനുമതി കൂടി ലഭിച്ചതോടെ പദ്ധതി കൂടുതൽ വേഗത്തിൽ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications