അധികൃതരുടെ അനാസ്ഥ; റദ്ദാക്കിയ വിമാനത്തിനായി യാത്രക്കാര്‍ കാത്തിരുന്നത് മണിക്കൂറുകള്‍; എന്നിട്ടോ..?
അനധികൃതരുടെ അനാസ്ഥയക്കെതിരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ വൈകി യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രതിഷേധം.
കൊച്ചി: വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കാതെ കൊച്ചി രാജ്യാന്തര വിമാനത്താളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ. ക്വാലാലംപൂരിലെക്ക് പോകേണ്ടിലയിരുന്ന അറുപതോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ 8.55ന് ക്വാലാലംപൂരിന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. എന്നാല്‍ ഇക്കാര്യം യാത്രക്കാരെ അറിയിച്ചിരുന്നില്ല. കള്ളം പറഞ്ഞ് പറ്റിച്ച അധികൃതര്‍ക്കെതിരെ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ക്വാലാലംപൂരില്‍ നിന്ന് എത്തേണ്ടിയിരുന്ന വിമാനം അവിടെ തകരാറിലായതിനെത്തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്. എന്നാല്‍ ഇക്കാര്യം യാത്രക്കാരെ അറിയിച്ചില്ലെന്ന് മാത്രമല്ല കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. റോക്കറ്റ് വിക്ഷേപണമുള്ളതിനാലാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനത്തിലെ യാത്രക്കാര്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വിമാനത്താവളത്തിലെത്തിയിരുന്നു.
അധികൃതരുടെ വാക്ക് വിശ്വസിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ 12 മണിവരെ കാത്തിരുന്നു. പലര്‍ക്കും ഭക്ഷണം പോലും കിട്ടിയില്ല. വളരെ വൈകി യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് അധികൃതരെത്തി ഇവരെ അനുനയിപ്പിച്ച് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
ബെയ്ജിംഗ് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ കണക്ഷന്‍ വിമാനത്തില്‍ പോകേണ്ടവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ ക്വാലാലംപൂരിലെത്തിയാലും കണക്ഷന്‍ വിമാനം കിട്ടുന്നതുവരെ മണിക്കൂറുകള്‍ വീണ്ടും കാത്തിരിക്കേണ്ടി വരും. തിങ്കളാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ കുറച്ചുപേരെയും ബാക്കിയുള്ളവരെ മറ്റൊരു വിമാനത്തിലും യാത്രയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications