കൊച്ചിയിലെ ഗതാഗതകുരുക്ക് ഇനി പഴങ്കഥ; വിമാനത്താവളത്തിലേക്ക് ഇനി പെട്ടെന്ന് എത്തും! ആ തടസം നീങ്ങി
കൊച്ചി: നഗരത്തിലെ ജനങ്ങൾ പ്രധാനമായും അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നായാണ് ഗതാഗത കുരുക്കിനെ കണക്കാക്കുന്നത്. മെട്രോ നഗരങ്ങളുടെ എല്ലാം പൊതുവായ പ്രശ്‌നങ്ങളിൽ ഒന്നായാണ് ഇത് കരുതുന്നത്. എന്നാൽ കൊച്ചി നഗരത്തെ സംബന്ധിച്ച് വലിയ ആശ്വാസമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്. നിർണായകമായ സീപോർട്ട്-എയർപോർട്ട് റോഡ് രണ്ടാം ഘട്ടം നിർമ്മാണം ആരംഭിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിയുന്നത്.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തടസങ്ങളിൽപെട്ട് മുടങ്ങി കിടക്കുകയായിരുന്നു ഏറെക്കാലമായി ഈ പദ്ധതി. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരമായിരിക്കുകയാണ്. എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി, പദ്ധതിനിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷന് കൈമാറിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്നിരുന്ന റോഡ് നിർമ്മാണത്തിനാണ് ഇപ്പോൾ വഴിതെളിയുന്നത്.

AI Image
നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന സീപോർട്ട്-എയർപോർട്ട് റോഡ് വികസനത്തിന്റെ പുരോഗതി നൽകുന്നത് വലിയ ആശ്വാസമാണ്. ഇരുമ്പനത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടം 2003ൽ തന്നെ പൂർത്തിയായിരുന്നതാണ്. എന്നാൽ രണ്ടാം ഘട്ടമാണ് ഏറെക്കാലമായി മുടങ്ങി കിടക്കുന്നത്.
ഒന്നാം ഘട്ടം ഇരുമ്പനം മുതൽ കളമശ്ശേരി വരെ 11.3 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയിട്ട് വർഷം 22 കഴിഞ്ഞെങ്കിലും പിന്നീട് അത് നിലച്ചു പോവുകയായിരുന്നു. എച്ച്എംടി ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും എൻഎഡി ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഇപ്പോൾ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
എച്ച്എംടി-എൻഎഡി ഭാഗത്തെ റോഡ് നിർമ്മാണത്തിനായി ഡിഎസ്ഒആർ 2018 പ്രകാരം 17.31 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഡിഎസ്ഒആർ 2021 നിലവിൽ വന്നതിനാൽ പുതുക്കിയ ഭരണാനുമതി സർക്കാർ പരിഗണയിലാണ്. അത് കൂടി ലഭ്യമായ ശേഷമായിരിക്കും ഇവിടെ ടെൻഡർ നടപടികൾ ആരംഭിക്കുക.
നിർമ്മാണം ഉടൻ തുടങ്ങും
ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ എച്ച്എംടി- എൻഎഡി ഭാഗത്തെ റോഡ് നിർമ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ 600 മീറ്റർ റോഡിന് 45 മീറ്റർ വീതിയുണ്ടാകും. കൂടാതെ, രണ്ടാം ഘട്ടത്തിന്റെ എൻഎഡി ജംഗ്ഷൻ മുതൽ മഹിളാലയം ജംഗ്ഷൻ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്തെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി കിഫ്ബി വഴി 569.34 കോടി രൂപ അനുവദിച്ചു.
മാത്രമല്ല മേഖലയിലെ ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി തോഷിബ ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വികസനം പൂർത്തിയാകുന്നതോടെ കൊച്ചിയിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
എറണാകുളത്തെ പ്രധാന ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കുന്ന റോഡ് നിർമ്മാണങ്ങളിൽ ഒന്നാണ് സീപോർട്ട്-എയർപോർട്ട് റോഡ്. എന്നാൽ പദ്ധതി പലരുടെയും അനാസ്ഥകൾ മൂലം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ അധികമായി നിർജീവമായ അവസ്ഥയിൽ ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നടപടിക്രമങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ നടന്നാൽ അത് വലിയ രീതിയിൽ ഗുണകരമാവും എന്നുറപ്പാണ്.












Click it and Unblock the Notifications