സന്ധ്യയ്ക്ക് മാത്രമല്ല, ജസീറയ്ക്കും 5ലക്ഷം
കൊച്ചി: എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ ശബ്ദമുയര്‍ത്തിയ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഏറെ പഴി കേട്ട വ്യവസായ പ്രമുഖനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. സി പി എം നേതാക്കളും അനുഭാവികളും എന്ന് വേണ്ട വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന കണക്കിന് അദ്ദേഹത്തിന്റെ മേല്‍ കേറി മേഞ്ഞുകളഞ്ഞു സമരത്തെ പിന്തുണച്ചവര്‍.
എന്നാല്‍ സന്ധ്യയ്ക്ക് മാത്രമല്ല, ദില്ലിയില്‍ മണല്‍മാഫിയയ്‌ക്കെതിരെ സമരം നടത്തുന്ന ജസീറയ്ക്കും അഞ്ച് ലക്ഷം രൂപ പ്രോത്സാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. സാമൂഹ്യവിപത്തായ മണല്‍വാരലിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാണ് ജസീറയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും സന്ധ്യയ്ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ജനരോഷമൊന്നും ചിറ്റിലപ്പള്ളിക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടിവരാനിടയില്ല.

സമരത്തിനെതിരെ വെറുതെ ഒന്ന് ശബ്ദമുയര്‍ത്തിയ സന്ധ്യയ്ക്ക് അഞ്ച് ലക്ഷം കൊടുത്ത ചിറ്റിലപ്പള്ളി എന്ത് കൊണ്ട് ന്യായമായ ആവശ്യത്തിന് വേണ്ടി സമരം നടത്തുന്ന ജസീറയെ കാണാതെ പോകുന്നു എന്ന് വിമര്‍ശകര്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. ജസീറയ്ക്ക് അഞ്ച് ലക്ഷത്തിന്റെ സഹായം പ്രഖ്യാപിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരക്കാലത്ത് അവിടെത്തന്നെ മണല്‍മാഫിയയ്‌ക്കെതിരെ സമരം നടത്തിയാണ് കണ്ണൂര്‍ക്കാരിയായ ജസീറ ശ്രദ്ധേയയായത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ വിജേഷ് വിജയന് സഹായം നല്‍കിയില്ല എന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. എന്നാല്‍ മദ്യപിച്ചാണ് അപകടം പറ്റിയതെന്നും കൂടുതല്‍ സഹായം ചെയ്യില്ല എന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications