ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി
തൃശൂര്‍: കൊടകര കുഴല്‍പണ കേസ് ബിജെപിയെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. ബിജെപിയിലേക്ക് ആര്‍എസ്എസ് നിയോഗിച്ച സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ മണിക്കൂറുകളോളം ആണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കൊടകരയില്‍ തട്ടിയെടുക്കപ്പെട്ടത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് അല്ലെന്നാണ് എം ഗണേശന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ധര്‍മരാജനെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്ന് ഉറപ്പാണ്. വിശദാംശങ്ങള്‍ നോക്കാം....

അറിയില്ല, പങ്കില്ല
കൊടകരയില്‍ വച്ച് മൂന്നര കോടി കവര്‍ന്ന സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് എം ഗണേശന്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. അത്തരം സംഭവങ്ങളില്‍ പങ്കില്ല. ആ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് അല്ലെന്നും എം ഗണേശന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ധര്‍മരാജനെ വിളിച്ചിരുന്നു
കൊടകര കുഴല്‍പണ കേസിലെ പരാതിക്കാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ആയ ധര്‍മരാജന്‍ ആണ്. എം ഗണേശന്‍ ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന കാര്യം എം ഗണേശന്‍ സമ്മതിച്ചിട്ടുണ്ട്.

ധര്‍മരാജന്റെ ചുമതലകള്‍
ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമായിരുന്നു ഇത്രനാളും ധര്‍മരാജനെ കുറിച്ചുള്ള വാര്‍ത്തകള്‍. എന്നാല്‍, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനുള്ള ചുമതല ഏല്‍പിക്കപ്പെട്ടിരുന്നത് ധര്‍മരാജനില്‍ ആയിരുന്നു എന്നാണ് എം ഗണേശന്‍ മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിളിച്ചതിന് അതിന് വേണ്ടി
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം സംബന്ധിച്ചാണ് ധര്‍മരാജനെ ഫോണില്‍ വിളിച്ചത് എന്നാണ് എം ഗണേശന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. പണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല എന്നും ഗണേശ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്തായാലും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് ഉറപ്പാണ്.

പണം ആലപ്പുഴയ്ക്ക്
കേസില്‍, നിലവില്‍ പരാതിക്കാരനായ ധര്‍മരാജന്‍ നല്‍കിയ മൊഴിയും ബിജെപിയ്ക്ക് വലിയ പ്രതിസന്ധിയാണ്. ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് നല്‍കാന്‍ വേണ്ടിയാണ് പണം അയച്ചത് എന്നാണ് ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുള്ളത്. കര്‍ത്തയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.

എല്ലായിടത്തും ബിജെപി ബന്ധങ്ങള്‍
കൊടകരയിലെ കുഴല്‍പണ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുടെ എല്ലാം ഭാഗത്തും ബിജെപി ബന്ധങ്ങളുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. പണം കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ്. ബിജെപി ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളും ആണ്.

മുറിയെടുത്തതും
പണവുമായി തൃശൂരില്‍ എത്തിയ സംഘത്തിന് താമസിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്തതിലും ബിജെപി ബന്ധമുണ്ട്. ബിജെപിയുടെ തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയാണ് ഇവര്‍ക്ക് മുറി ബുക്ക് ചെയ്തത്. ഇക്കാര്യം ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നേതൃത്വം പറഞ്ഞിട്ട്
ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന്‍ വ്യക്തമാക്കിയിട്ടുള്ളത്. സതീശനെ വരും ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. ആരുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു മുറി ബുക്ക് ചെയ്തത് എന്നത് അതോടെ വെളിപ്പെടുത്തപ്പെടുകയും ചെയ്യും.

സുരേന്ദ്രന്റെ കാര്യം
കഴിഞ്ഞ ദിവസം ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കര്‍ത്തയ്ക്ക് നല്‍കാനാണ് പണം കൊടുത്തയച്ചത് എന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. തനിക്ക് കേസുമായി ബന്ധമില്ലെന്നും കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ചോദിക്കണം എന്ന് അന്ന് കര്‍ത്ത പ്രതികരിച്ചിരുന്നു. ഇത് ബിജെപി നേതാക്കളെ തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.

കവര്‍ച്ചയും കുഴല്‍പണവും
എന്തായാലും കൊടകരയിലെ കുഴല്‍പണ കവര്‍ച്ച കേസില്‍ ബിജെപി നേതാക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. നിലവില്‍ അത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുഴല്‍പണത്തിന്റെ കാര്യത്തില്‍ ബിജെപി ബന്ധം ഉണ്ട് എന്നാണ് പോലീസ് നിഗമനം. ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചത് തന്നെയാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications