കുഴല്‍പ്പണത്തെ കുറിച്ച് വെളിപ്പെടുത്താന്‍ പറഞ്ഞത് ശോഭയെന്ന് തിരൂര്‍ സതീഷ്; 'സുരേന്ദ്രന് ഒരു കോടി രൂപ കിട്ടി'
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് വീണ്ടും ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിഹത്യ നടത്താനാണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് സതീഷ് പറഞ്ഞു. ശോഭ സുരേന്ദ്രന്‍ മറ്റുള്ളവര്‍ പറയുന്നത് ഏറ്റുപറഞ്ഞ് സ്വയം പരിഹാസ്യ ആകരുത് എന്നും അദ്ദേഹം പറഞ്ഞു. സതീഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാന്‍ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ഞാനുമായി ഏറെ ബന്ധവും ഉള്ള ആളാണ് ശോഭ സുരേന്ദ്രന്‍. അവര്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. എന്റെ വീടിന്റെ അരക്കിലോമീറ്റര്‍ അപ്പുറത്താണ് ശോഭ വീട് പണിയുന്നത്. ഞാനിത് വരെ നിങ്ങളുടെ മുന്നില്‍ ശോഭ സുരേന്ദ്രന്‍ എന്ന പേര് ഉച്ഛരിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ശോഭ സുരേന്ദ്രന്‍ സതീശന്‍ സിപിഎം വിലയ്ക്ക് മേടിച്ച ആളാണ് എന്ന് പറയുന്നത്.

മൊയ്തീന്റെ വീട്ടില്‍ പോയിട്ട് കൂടിക്കാഴ്ച നടത്തി, ഞാന്‍ വായ്പയെടുത്ത ബാങ്കേതാണ്, ആ ബാങ്കില്‍ എങ്ങനെയാണ് കൂടുതല്‍ തുക ഡെപ്പോസിറ്റ് ചെയ്തത് എന്നാണ് ശോഭ സുരേന്ദ്രന്‍ ചോദിച്ചത്. കേരളത്തില്‍ സുരേന്ദ്രനെ പോലെയുള്ള നേതാക്കള്‍ക്കുള്ള പിച്ചര്‍ അല്ലായിരുന്നു പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ശോഭ സുരേന്ദ്രനുണ്ടായിരുന്നത്. കുറച്ച് കൂടി വ്യക്തതയുള്ള നേതാവായിരുന്നു എന്ന് പ്രവര്‍ത്തകര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു.
ആ ധാരണ ലംഘിക്കുന്നതിന് വേണ്ടിയാണോ ഇവര്‍ പറയുന്ന നുണകള്‍ ഏറ്റെടുത്ത് ശോഭ ചേച്ചി പറയുന്നത്. എനിക്ക് സഹതാപമാണ് തോന്നുന്നത്. 2023 മേയ് മാസത്തില്‍ ആണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് കുറച്ച് നാള്‍ അവധി വേണം എന്ന് പറഞ്ഞ് പോരുന്നത്. ജോലി നിര്‍ത്തി പോന്ന മാസമാണ് അവസാനമായി ഞാന്‍ അവിടെ പണമടച്ചിട്ടുള്ളത്. ഇങ്ങനെ വിഡ്ഢിത്തം വിളിച്ച് പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകരുത്.
ഞാന്‍ ഹൗസിംഗ് ലോണിന്റെ തിരിച്ചടവ് നടത്തിയ തിയതി നിങ്ങള്‍ക്ക് പരിശോധിക്കാം. അതിന്റെ റെസീതില്‍ അടച്ച തുകയും മറ്റും നിങ്ങള്‍ക്ക് കാണാം. 24-5-2023 ല്‍ ആണ് ഞാന്‍ അവസാനമായി ലോണ്‍ തിരിച്ചടച്ചത്. ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പച്ചക്കള്ളം പറയുന്നത്. ജില്ലാ ഓഫീസില്‍ പണം വന്നിട്ടുണ്ടെങ്കില്‍ സതീഷ് അതെടുക്കാതിരിക്കില്ല എന്നാണ് പറയുന്നത്.
ജില്ലാ നേതാക്കളെ സപ്പോര്‍ട്ട് ചെയ്ത് ശോഭ സുരേന്ദ്രന്‍ സംസാരിക്കേണ്ട കാര്യമെന്താണ്. ശോഭ സുരേന്ദ്രനെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുത് എന്ന് പറഞ്ഞിട്ടുള്ള ആളാണ് ജില്ലാ പ്രസിഡന്റ് അനീഷ്. ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനം ജില്ലാ ഓഫീസില്‍ വെച്ച് നടത്തരുത് എന്ന് പറഞ്ഞയാളാണ് അനീഷ്. അവിടെ മുറി പൂട്ടിയിട്ടോ എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്.
അപ്പോള്‍ ഞാന്‍ പറഞ്ഞു, അവര്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. നിങ്ങള്‍ നേരിട്ട് പറഞ്ഞോളൂ. നിങ്ങളുടെ തല്ലും ഗ്രൂപ്പുവഴക്കും എന്റെ പേരില്‍ കെട്ടിവെക്കേണ്ട എന്നാണ് പറഞ്ഞിട്ടുള്ളത്. ആ ആള്‍ക്ക് വേണ്ടിയാണ് ശോഭ സുരേന്ദ്രന്‍ ഇങ്ങനെ സംസാരിക്കുന്നത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തുറന്നു പറയാന്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് വരികയാണ്. ആ സമയം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തനിക്ക് ഗുണമുണ്ടാകും എന്നാണ് ശോഭ പറഞ്ഞത്. കള്ളപ്പണക്കാരനായ ധര്‍മരാജന്‍ ആദ്യം ബന്ധപ്പെട്ടത് കെ സുരേന്ദ്രനെയും മകനെയുമാണ്. കള്ളപ്പണക്കാരനുമായി എന്താണ് സംസ്ഥാന അധ്യക്ഷന് ബന്ധം? മുന്‍പും ധര്‍മരാജനില്‍ നിന്ന് സുരേന്ദ്രന്‍ പണം വാങ്ങിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് കൊണ്ടുവന്ന ഒരു കോടി രൂപ സുരേന്ദ്രന്‍ കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 35 ലക്ഷം രൂപയാണ് ധര്‍മരാജന്‍ തിരുവനന്തപുരത്ത് വി.വി രാജേഷിന് കൈമാറിയത്. എന്റെ ആരോപണത്തില്‍ പ്രതികരിക്കാതെ എനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. പണം വന്നു എന്നതില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
പണം എവിടെ നിന്ന് വന്നു, എത്ര വന്നു, എത്ര തുക ഉപയോഗിച്ചു, ആരെല്ലാം ഇതില്‍ പങ്കാളികളാണ് എന്നെല്ലാം പറഞ്ഞാല്‍ ഇനിയും ഒരുപാട് നുണകള്‍ ഇവര്‍ പറയേണ്ടി വരും. എന്നെ രണ്ട് വര്‍ഷം മുന്‍പ് പുറത്താക്കി എന്നാണ് ജില്ല അധ്യക്ഷന്‍ പറയുന്നത്. സാമ്പത്തിക തിരിമറി നടത്തി എന്നാണ് എനിക്കെതിരായ മറ്റൊരു ആരോപണം. അത്തരമൊരു കുറ്റം ചെയ്ത ആള്‍ക്കെങ്ങനെയാണ് ഓഡിറ്റിംഗ് സമയത്ത് കണക്കുകള്‍ അവതരിപ്പിക്കാന്‍ കഴിയുക.












Click it and Unblock the Notifications