അഭിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊല്ലം ഒയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നിന്ന് രണ്ട് പേരേയും ശ്രീകാര്യത്ത് നിന്ന് ഒരാളെയും ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ശ്രീകണ്‌ഠേശ്വരത്തിന് സമീപത്തുള്ള കാര്‍ വാഷിങ് സെന്റര്‍ ഉടമയേയും രണ്ട് പേരെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഷാഡോ േെപാലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ആദ്യം ശ്രീകാര്യത്ത് നിന്ന് കാര്‍ വാഷിംഗ് സെന്റര്‍ ഉടമയേയും ഇയാള്‍ക്കൊപ്പമെത്തി കാര്‍ വാഷിംഗ് സെന്ററിലുണ്ടായിരുന്ന രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഓഫീസില്‍ നിന്ന് രേഖകളും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 500 രൂപയുടെ 19 കെട്ടുകള്‍ അടങ്ങിയ പണം ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു എന്നാണ് പ്രദേശത്തെ കൗണ്‍സിലര്‍ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കസ്റ്റഡിയിലെടുത്തവരെ താന്‍ കണ്ടില്ല എന്നും എന്നാല്‍ കാര്‍ വാഷിംഗ് സെന്ററില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നും ഇദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്. ' എല്ലാ കാര്യവും പറയാന്‍ പറ്റില്ല. നിങ്ങള്‍ക്ക് അറിയാമല്ലോ ഇപ്പോഴത്തെ സാഹചര്യം,' എന്നാണ് പൊലീസ് തന്നോട് പറഞ്ഞത് എന്നും രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം കുട്ടിയെ കാണാതായിട്ട് 15 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം ഇന്നലെ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിനൊപ്പം സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഓട്ടുമല കാറ്റാടി റജിഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അതേസമയം കാണാതായ കുട്ടിയേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ അറിയിക്കണം എന്ന് പൊലീസ് അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.












Click it and Unblock the Notifications