'രാത്രി കഴിഞ്ഞത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിൽ...'; ആറുവയസുകാരിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തട്ടിക്കൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ഒരു ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. കാറിൽ പോകുമ്പോൾ വഴിയിൽ വച്ച് പലയിടത്ത് നിന്നും കുട്ടിയുടെ തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും ഇതിനിടയില്‍ കരഞ്ഞപ്പോള്‍ ബലമായി വായ പൊത്തിപ്പിടിച്ചുവെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലും തുടര്‍ന്നുവെന്നും കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഘത്തിൽ ആദ്യം ഉള്ളവരേക്കാൾ കൂടുതൽ ആളുകളെ പിന്നീട് കണ്ടുവെന്നും പലരുടേയും മുഖം കൃത്യമായി ഓർമ്മയില്ലെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആശ്രാമത്ത് ഉപേക്ഷിച്ചു പോയപ്പോൾ പപ്പ വരുമെന്ന് അറിയിച്ചാണ് സ്ത്രീ കടന്നു കളഞ്ഞതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്ന് മൂന്ന് പേരുടെ രേഖാ ചിത്രം പുറത്ത് വിട്ടിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയുടേയും കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച മറ്റൊരു യുവതിയുടെയും ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
അതേസമയം, കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ് കുഴങ്ങുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും തട്ടിക്കൊണ്ടുപോയ വാഹനമടക്കമുള്ള വിവരങ്ങളിൽ പോലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാൻ എല്ലാ ഡിവൈഎസ്‌പിമാരും ഉൾപ്പെട്ട പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ദക്ഷിണമേഖലാ ഡി ഐ ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. 10 ടീമുകളാണ് അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. സിസിടിവി പരിശോധന, ഫോൺ കോൾ പരിശോധന, വാഹനപരിശോധന, ശാസ്ത്രീയ അന്വേഷണം എന്നിങ്ങനെ അന്വേഷണം വ്യാപിപ്പിക്കും.
അതേസമയം, ഇത്രയധികം മാധ്യമ ശ്രദ്ധ നേടിയ കേസിൽ തുമ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലാണ്. കുട്ടിയെ തിരിച്ചുകിട്ടിയത് ഉൾപ്പടെ പോലീസ് അന്വേഷണത്തിന്റെ മികവല്ലെന്നും, പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിപക്ഷ വിമർശനം ശക്തമാണ്. ഈ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications